Latest News

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേര്‍ന്നു തൊഴില്‍ശാലകളും ഉല്‍പാദന യൂനിറ്റുകളും തുടങ്ങണം: മന്ത്രി ആര്‍ ബിന്ദു

പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇതുവഴി കഴിയും

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേര്‍ന്നു തൊഴില്‍ശാലകളും ഉല്‍പാദന യൂനിറ്റുകളും തുടങ്ങണം: മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കോഴ്‌സുകളുമായി ബന്ധപ്പെട്ട തൊഴില്‍ ശാലകളും പ്രൊഡക്ഷന്‍ യൂനിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. നാടിനു ചേര്‍ന്ന സാങ്കേതികവിദ്യ പരിശീലിപ്പിച്ച് അതിന്റെ ഗുണഫലം നാടിനാകെ ലഭിക്കുന്നരീതിയില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സജ്ജമാക്കും. ഇതിനായി വൈദഗ്ധ്യപോഷണത്തിനുള്ള പുതുതലമുറ കോഴ്‌സുകള്‍ തിരഞ്ഞെടുത്തു പരിശീലനം നല്‍കണം. പഠനത്തോടൊപ്പം തൊഴില്‍ എന്നതും ഇതിന്റെ ഭാഗമായി ഒരുക്കണം. നവവൈജ്ഞാനിക സമൂഹമായുള്ള കേരളത്തിന്റെ മാറ്റത്തിന് ഇതു പ്രയോജനകരമാകും.

സാങ്കേതികവിദ്യ പെണ്‍കുട്ടികള്‍ക്ക് അപ്രാപ്യമാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ വനിതാ പോളിടെക്‌നിക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത രംഗങ്ങളില്‍ പഠനത്തിനും പരിശീലനത്തിനും വനിതാ പോളി ടെക്‌നിക്കുകളില്‍ അവസരമുണ്ട്. ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വലിയ മാറ്റത്തിനു വഴിവയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലും കൊണ്ടുവരികയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പോളിടെക്‌നിക് കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ജിഎസ് ആശാനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ടിപി ബുജുഭായ്, ജോയിന്റ് ഡയറക്ടര്‍ പി ബീന, പിടിഎ വൈസ് പ്രസിഡന്റ് എസ് ചിത്ര, പ്രിന്‍സിപ്പല്‍ കെജി സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it