Latest News

വിഭജന ഭീതിദിനം ആഘോഷിക്കേണ്ട, ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു

മതരാഷ്ട്ര നിര്‍മിതിയാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്, ആഘോഷം സ്വാതന്ത്ര ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

വിഭജന ഭീതിദിനം ആഘോഷിക്കേണ്ട, ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: സ്വാതന്ത്ര്യദിന തലേന്ന് വിഭജന ഭീതിദിനമായി ആചരിക്കാനുള്ള ഗവര്‍ണറുടെ ആവശ്യത്തിനെതിരെ മന്ത്രി ആര്‍ ബിന്ദു. ഇത് മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും, ഭിന്നിപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ എന്നും, ഇത് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന തലേന്ന് വിഷം ചീറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ചിലര്‍ പരിപാടി നടത്താന്‍ ആഹ്വാനം ചെയ്തേക്കാം. മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിപത്തിയുള്ളവര്‍ മാറി നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ഇത്. ജനാധിപത്യ വിശ്വാസികള്‍ ഇത് പ്രതിരോധിക്കേണ്ടതാണ്. മതരാഷ്ട്ര നിര്‍മിതിയാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്. അതിലേക്ക് യുവജനങ്ങളെ സംഘടിപ്പിക്കുന്ന പരിപാടി എതിര്‍ക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കലാലയങ്ങളില്‍ സ്വതന്ത്ര്യദിനമാണ് ആഘോഷിക്കേണ്ടത്. മാനവികമായ സാഹോദര്യത്തിലാണ് ഊന്നല്‍ നല്‍കേണ്ടത്. ഗവര്‍ണറുടെ നിലപാട് അപലപനീയമാണെന്നും ആര്‍.എസ്.എസിന് സ്വാതന്ത്ര്യദിനത്തോട് ഒരു കാലത്തും അഭിനിവേശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാക്കാലത്തും സാമ്രാജ്യത്വ ശക്തികളോട് വിനീത വിധേയരായി നില്‍ക്കുന്നവരാണ് ആര്‍.എസ്.എസ്. ഏത് മോശപ്പെട്ട രീതിയിലും അധികാരത്തിലെത്താനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.തൃശ്ശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയത് നേരും നെറിവുമില്ലാത്ത നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. എത്ര മോശപ്പെട്ട മാര്‍ഗം ഉപയോഗിച്ചും അധികാരത്തില്‍ എത്തിപ്പെടാന്‍ പരമാവധി ശ്രമം നടത്തുക എന്നതാണ് ബിജെപിയും ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. അതിന് എന്ത് മോശപ്പെട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് തൃശ്ശൂരില്‍ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിജയിച്ച എംപിയുടെ കുടുംബാംഗങ്ങള്‍ തന്നെ താല്‍ക്കാലിക താമസത്തിനു വന്ന വോട്ട് ചേര്‍ത്തിരിക്കുകയാണെന്നും പലതരത്തിലുള്ള കപട തന്ത്രങ്ങള്‍ ഇവിടെ നടന്നുവെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നുവെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.



Next Story

RELATED STORIES

Share it