Latest News

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ജീവനക്കാരെ നിയമിക്കും: മന്ത്രി കെ രാജന്‍

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ജീവനക്കാരെ നിയമിക്കും: മന്ത്രി കെ രാജന്‍
X

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നല്‍കുന്ന തിയ്യതികള്‍ നീണ്ടു പോകുന്നതിന് പരിഹാരം കാണുമെന്നും ശസ്ത്രക്രിയകള്‍ വൈകുന്നത് ജീവനക്കാരുടെ കുറവ് കൊണ്ടാണെങ്കില്‍ ഉടന്‍ പരിഹാരം കാണുമെന്നും റവന്യൂ മന്ത്രി കെ രാജന്‍.

തൃശൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പാണഞ്ചേരി, നടത്തറ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശ്രീധരീ പാലത്തിന്റെ നിര്‍മ്മാണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമ പഞ്ചായത്തില്‍ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച ശ്രീധരീ പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 2.9 കോടി കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് അനുവദിച്ചതായി മന്ത്രി അറിയിച്ചു.

പീച്ചി, മുളയം വില്ലേജുകളിലായി 63 പേര്‍ക്കാണ് ഈ തുക വിതരണം ചെയ്യുക. 80.18 സെന്റ് ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുമ്പായി തുക വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണാറ ബനാന ഹണി പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിച്ച് എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഓണക്കാലം അടുക്കുന്നതോടെ ലഹരി വസ്തുകളുടെ വില്‍പന കൂടാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് വകുപ്പ് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പിഡബ്ല്യുഡി വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ താലൂക്ക് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷനായി. ആര്‍ ഡി ഒ വിഭൂഷണന്‍, തഹസില്‍ദാര്‍ ടി ജയശ്രീ, അഡിഷ്ണല്‍ തഹസില്‍ദാര്‍ എം സന്ദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it