Latest News

ഡിഗ്രി കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിലെ കാലതാമസവും പ്ലസ് വണ്‍ സീറ്റുകളുടെ കുറവും പരിഹരിക്കണമെന്ന് എംഇഎസ്

ഡിഗ്രി കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിലെ കാലതാമസവും പ്ലസ് വണ്‍ സീറ്റുകളുടെ കുറവും പരിഹരിക്കണമെന്ന് എംഇഎസ്
X

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളുടെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിലെ കാലത്തമസവും പ്ലസ് വണ്‍ സീറ്റുകളിലെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഒ. സി സലാഹുദ്ദീനാണ് നിവേദനം സമര്‍പ്പിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ഏറെ വൈകിയാണ് സര്‍വ്വകലാശാല അഡ്മിഷന്‍ വിഭാഗം ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. നിര്‍ബന്ധമായും പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ട തേര്‍ഡ് അലോട്ട്‌മെന്റിന് ശേഷം കമ്മ്യൂണിറ്റി അഡ്മിഷന്‍ നടക്കുന്നതു കാരണം സാമുദായിക സംവരണത്തിന് അര്‍ഹരായ വിവിധ വിഭാഗങ്ങളിലെ അനേകം പേര്‍ക്കാണ് ഹയര്‍ ഒപ്ഷന്‍ അവസരങ്ങള്‍ നഷ്ടമാവുന്നത്. ഡിഗ്രി തേര്‍ഡ് അലോട്ട്‌മെന്റിന് മുന്‍പായി പ്രസിദ്ധീകരിക്കേണ്ടിയിരുന്ന കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് സപ്തംബര്‍ 28ന് മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതേസമയം കമ്മ്യൂണിറ്റി റാങ്കിന് വേണ്ടി റിപോര്‍ട്ട് ചെയ്യാനുള്ള സമയം സപ്തംബര്‍ 30ന് അഞ്ചു മണിക്ക് മാത്രമേ അവസാനിക്കുകയുള്ളൂ. എന്നാല്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ തുടങ്ങുന്നതും സപ്തംബര്‍ 30നു തന്നെയാണ്.

പിന്നാക്ക വിഭാഗങ്ങളുടെ കോളേജുകളില്‍ 20 ശതമാനവും മുന്നോക്ക വിഭാഗങ്ങളുടെ കോളേജുകളിലെ 10 ശതമാനവും സീറ്റുകള്‍ കമ്യൂണിറ്റി ക്വാട്ട വഴി അഡ്മിറ്റ് ചെയ്യാനുള്ള അവസരം ആരംഭിക്കാതെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. അതിനു പുറമെ അലോട്ട്‌മെന്റ് ലഭിച്ച പല വിദ്യാര്‍ത്ഥികളും കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റില്‍ അഡ്മിഷന്‍ പ്രതീക്ഷിക്കുന്നവരുമാണ്. ഒക്ടോബര്‍ 1ന് പ്രസിദ്ധീകരിക്കുന്ന കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റിന് കാത്തു നില്‍ക്കാതെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും സപ്തംബര്‍ 30ന് അഞ്ച് മണിക്കകം പെര്‍മനന്റ് അഡ്മിഷന്‍ എടുക്കേണ്ടിവരും. ഇതെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ സമയം, അര്‍ഹമായ അവസരം, പണം എന്നിവ നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നതാണ്. ആയതിനാല്‍ അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ഒക്ടോബര്‍ രണ്ടാം വാരം വരെ നീട്ടി വെക്കണമെന്നും ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ സപ്തംബര്‍ 30ന് ആരംഭിക്കുന്നതും നീട്ടി വെക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംഇഎസ് മലപ്പുറം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ആരംഭം കുറിച്ച സാഹചര്യത്തില്‍ ഏകദേശം 20 ശതമാനം കുട്ടികള്‍ക്ക് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തന്നെയുമല്ല മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ആഗ്രഹിച്ച വിഷയത്തിനു സീറ്റ് കിട്ടാത്ത അവസ്ഥയും നിലവിലുണ്ട്. തെക്കന്‍ കേരളത്തേക്കാള്‍ മലബാറിലാണ് സീറ്റുകളുടെ കുറവ് രൂക്ഷമായി തുടരുന്നത്. ഇതില്‍ തന്നെ മലപ്പുറത്താണ് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നത്.

മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ 75,554 കുട്ടികളില്‍ 53,225 പേര്‍ക്ക് മാത്രമാണ് സീറ്റുകള്‍ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ള 22,329 പേര്‍ക്ക് പ്ലസ് വണ്ണില്‍ പ്രവേശനം നേടാന്‍ അവസരം ലഭിക്കാത്ത അവസ്ഥയാണ് ഇക്കുറി ജില്ലയിലുള്ളത്.. ഇതര ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായി ലഭ്യമായിട്ടുള്ള പൊതുവിദ്യാലയ സീറ്റുകളുടെ പകുതി അനുപാതം സീറ്റുകള്‍ പോലും മലപ്പുറം ജില്ലയിലെ ലഭ്യമല്ല എന്ന സാഹചര്യം അടിയന്തര ഇടപെടല്‍ അര്‍ഹിക്കുന്ന വിഷയമാണ്. കഴിയുന്നത്ര അധിക ബാച്ചുകള്‍ അനുവദിച്ച് വിഷയത്തിന് സാധ്യമായ പരിഹാരമുണ്ടാകണമെന്ന് എംഇഎസ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it