Latest News

എംഇഎസ്: കുറ്റാരോപിതര്‍ മാറി നില്‍ക്കണമെന്ന് സെക്രട്ടറി; ആരോപണം വാസ്തവവിരുദ്ധമെന്ന് ഫസല്‍ ഗഫൂര്‍

അതേസമയം ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കിയ ആളാണ് പരാതി നല്‍കിയതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ഡോ. ഫസല്‍ ഗഫൂര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എംഇഎസ്: കുറ്റാരോപിതര്‍ മാറി നില്‍ക്കണമെന്ന് സെക്രട്ടറി; ആരോപണം വാസ്തവവിരുദ്ധമെന്ന് ഫസല്‍ ഗഫൂര്‍
X

മലപ്പുറം: സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കേരള ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പ്രൊഫ. പിഒജെ ലബ്ബയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് എംഇഎസ് സെക്രട്ടറി ഡോ. എന്‍.എം മുജീബ് റഹിമാന്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എംഇഎസിന്റെ 56 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുന്നത്.ഇത് വേജനാജനകമാണെന്നും മുജീബ് പറഞ്ഞു.

നേരത്തെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്‍പാതെ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിനുരാജ് ഫസല്‍ ഗഫൂറിനും ലബ്ബക്കും എതിരെ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും മുജീബ് ആരോപിച്ചു. എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറും പ്രൊഫ. പിഒജെ ലബ്ബയും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്ന് എംഇഎസ് അംഗം നവാസ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത്. പുതിയ ഓഫീസ് മന്ദിരവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കാനെന്ന പേരില്‍ സ്ഥലം വാങ്ങുകയും വില്‍പന നടത്തുകയും ചെയ്ത് എംഇഎസിന്റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. എംഇഎസ് പ്രസിഡണ്ട് ഡോക്ടര്‍ ഫസല്‍ ഗഫൂറിന്റെ മകന്‍ മാനേജിംഗ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറി. കൂടാതെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് എംഇഎസിന്റെ തുക കൈമാറിയതിന്റെ പാരിതോഷികമായി ഫസല്‍ ഗഫൂറിന് ഭൂമി കിട്ടിയതായും പരാതിക്കാര്‍ പറയുന്നു. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാത്തതിനാലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2020 മെയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ നടപടിയുണ്ടായില്ല. എംഇഎസില്‍ ഫസല്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും സംഘടനക്ക് അകത്ത് ജനാധിപത്യ സ്വഭാവമില്ലെന്നും ഡോ. മുജീബ് പറഞ്ഞു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സ്ഥാനത്തു നിന്നും സ്വമേധയാ മാറി നിന്നതാണെന്നും തനിക്കെതിരില്‍ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ പോലിസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കിയ ആളാണ് പരാതി നല്‍കിയതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ഡോ. ഫസല്‍ ഗഫൂര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജ് സൂപ്രണ്ടായ ഡോ. മുജീബ് റഹിമാന്‍ വളാഞ്ചേരിയിലെ സ്വന്തം ആശുപത്രിക്കു വേണ്ടി എംഇഎസ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരെ ഉപയോഗിച്ചിരുന്നു. എംഇഎസ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് എന്ന പേരില്‍ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാകാറില്ല. എംഇഎസ് മെഡിക്കല്‍ കോളെജിലേക്ക് മരുന്നും മറ്റു വസ്തുക്കളും വാങ്ങുന്നതിനൊപ്പം സ്വന്തം ആശുപത്രിയിലേക്കുള്ള ഇടപാടുകളും നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് എംഇഎസ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരെ വളാഞ്ചേരിയിലെ സ്വന്തം ആശുപത്രിയിലേക്കു കൊണ്ടുപോയി സര്‍ജറി ചെയ്യിച്ചു. കൊവിഡ് ബാധയുണ്ടായ സാഹചര്യത്തില്‍ മലപ്പുറം ഡിഎംഒ ഇത് അറിയിച്ചപ്പോഴാണ് ഡോ. മുജീബ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞതെന്നും ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. അതിനെതുടര്‍ന്ന് ഡോ. മുജീബ് റഹിമാനെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സ്ഥാനത്തു നിന്നും നീക്കുകയും ഇനി ആശുപത്രിയിലേക്ക് വരേണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ വിരോധം തീര്‍ക്കാനാണ് പത്തു വര്‍ഷം മുന്‍പ് നടത്തിയ ഭൂമി ഇടപാടിന്റെ പേരില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഡോ. മൂജീബ് റഹിമാന്‍ എംഇഎസ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് എന്ന നിലയില്‍ നേരിട്ടാണ് എംഇഎസ് സെക്രട്ടറി സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി 10 വര്‍ഷത്തിലേറെ കാലം എംഇഎസ് സെക്രട്ടറിയായിരുന്ന അദ്ദേഹം സംഘടനയില്‍ ജനാധിപത്യമില്ല എന്നു പറയുന്നത് കൗതുകകരമാണെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഇപ്പോള്‍ ഉന്നയിച്ച ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാണ്. ഇടപാടുകളെല്ലാം ബാങ്ക് വഴിയാണ് നടത്തിയത്. ഇതിന്റെ പേരില്‍ ഒരു അഴിമതിയുമുണ്ടായിട്ടില്ല. സംസ്ഥാന കമ്മറ്റിയുടെ അറിവോടെയാണ് എല്ലാ ഇടപാടുകളും നടന്നിട്ടുള്ളത്. എംഇഎസിന്റെ ഭരണഘടന പ്രകാരം സംസ്ഥാന പ്രസിഡന്റിന് സാമ്പത്തിക കാര്യങ്ങളില്‍ പങ്കില്ലെന്നും ജനറല്‍ സെക്രട്ടറിയും ഖജാഞ്ചിയുമാണ് സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കാറുള്ളതെന്നും ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it