മലബാര്‍ സമരനായകര്‍ക്ക് സ്മാരകം: ഫണ്ട് അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യം മലപ്പുറം ജില്ലാ പഞ്ചായത്ത് തള്ളി

മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും പൂക്കോട്ടൂര്‍ യുദ്ധരക്തസാക്ഷികള്‍ക്കും സ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സ്മാരക നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നല്‍കിയ അപേക്ഷ ഭരണസമിതി യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഐക്യകണ്‌ഠേന തള്ളി. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പൂര്‍വചരിത്രമില്ലാത്തതിനാലാണ് ഫാഷിസ്റ്റുകള്‍ സ്മാരകങ്ങളെ ഭയക്കുന്നതെന്ന് ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് പ്രതിനിധി ടി പി എം ബഷീര്‍ പറഞ്ഞു.
മലബാര്‍ സമരത്തെ പുതുതലമുറയ്ക്ക് ആഴത്തില്‍ മനസ്സിലാക്കാന്‍ ഹെറിറ്റേജ് മ്യൂസിയം, യുദ്ധ സ്മാരകം തുടങ്ങിയവ നിര്‍മിക്കുകയെന്നത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരത്തെ കലാപമെന്ന് പറയരുതെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവും സിപിഎം പ്രതിനിധിയുമായ അഡ്വ. പി പി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ചെറുപ്പം മുതല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നത് മലബാര്‍ കലാപമെന്നാണ്. ഇതുമൂലം നമ്മളെല്ലാം മലബാര്‍ കലാപമെന്ന് പറഞ്ഞുപോവാറുണ്ട്. ഇത് മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ഹിന്ദു ഐക്യവേദിയുടെ ആസൂത്രിതവും ഹീനവുമായ നീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ചരിത്രകാരനുമായ ബഷീര്‍ രണ്ടത്താണി പറഞ്ഞു.
ഹിന്ദുക്കള്‍ മാത്രം കൊല്ലപ്പെട്ട കലാപമായിരുന്നു മലബാറില്‍ നടന്നതെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന പരാതി. 1921 ലെ മലബാറിലെ സാമൂഹിക വ്യവസ്ഥയില്‍ ജന്‍മിമാര്‍ ഹിന്ദുക്കളും കുടിയാന്‍മാര്‍ മാപ്പിളമാരും ഹരിജനങ്ങളുമായിരുന്നു. ജന്‍മികളാവട്ടെ ബ്രിട്ടിഷുകാരുടെ ആജ്ഞാനുവര്‍ത്തികളും. കുടിയാന്മാരെ അന്യായനികുതികളുടെ പേരില്‍ നിരന്തരം ചൂഷണം ചെയ്ത ജന്‍മികള്‍ക്കെതിരേ നടന്ന ചെറുത്തു നില്‍പ്പിനെ ഹിന്ദു- മുസ്‌ലിം ലഹളയെന്നു വരുത്തിത്തീര്‍ത്തത് ബ്രിട്ടീഷുകാരാണ്. 1921 ലേത് വര്‍ഗീയ കലാപമായിരുന്നില്ല. കര്‍ഷക സമരമായിരുന്നുവെന്ന് 1946 ല്‍ മലബാര്‍ സമരത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദേശാഭിമാനിയില്‍ ഇഎംഎസ് ലേഖനമെഴുതി.
1921 ആഹ്വാനവും താക്കീതും എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി കണ്ടുകെട്ടി. ഇഎംഎസിനെതിരേ അറസ്റ്റുവാറണ്ടുണ്ടായി. മലബാര്‍ സമരത്തെ ഒറ്റുകൊടുത്ത സബ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടി അടക്കമുളള ഒട്ടേറെ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചേക്കുട്ടിയുടെ തല അറുത്ത് കുന്തത്തില്‍ കോര്‍ത്ത് ആനക്കയത്തുനിന്നും മഞ്ചേരിയിലേക്ക് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രകടനത്തില്‍ നാനൂറോളം ഹരിജനങ്ങള്‍ പങ്കെടുത്തിരുന്നുവെന്ന് അക്കാലത്ത് പട്ടാള ഉദ്യോഗസ്ഥനായിരുന്ന സര്‍ദാര്‍ ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുവോ മാപ്പിളയോ ആയതിന്റെ പേരിലല്ല, മറിച്ച് സമരത്തെ ഒറ്റുകൊടുത്തതിന്റെ പേരിലായിരുന്നു ആക്രമിക്കപ്പെട്ടത്.
ജാതിമത ഭേദമന്യേ ഒരു പ്രദേശം ഒറ്റക്കെട്ടായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടത്തിയ ഐതിഹാസികമായ പോരാട്ടത്തെയാണ് ബ്രിട്ടീഷുകാരന്റെ അതേ ഭാഷയില്‍ അവമതിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. നിരക്ഷരരും കര്‍ഷകരുമായ പതിനായിരക്കണക്കിനുപേര്‍ അണിനിരന്ന ഇത്തരമൊരു സമരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിരിക്കാം. അതിനെ അപലപിക്കുന്നതിന് പകരം മഹത്തായൊരു സമരത്തെ അടച്ചാക്ഷേപിക്കുന്നത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT