Latest News

മരുന്നും ഭക്ഷണവും എറിഞ്ഞു കൊടുക്കും: 'സിമി' തടവുകാര്‍ നേരിടുന്നത് കൊടും ക്രൂരത

ജയില്‍ അധികൃതര്‍ 'സിമി തടവുകാര്‍' എന്ന് തരംതിരിച്ചാണ് ശിക്ഷിക്കുന്നത്. ജയില്‍ മാനുവല്‍ നിയമ പ്രകാരം മറ്റു തടവുകാര്‍ക്ക് ലഭ്യമാകുന്ന എല്ലാ മനുഷ്യാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

മരുന്നും ഭക്ഷണവും എറിഞ്ഞു കൊടുക്കും: സിമി തടവുകാര്‍ നേരിടുന്നത് കൊടും ക്രൂരത
X

ന്യൂഡല്‍ഹി:തോന്നുമ്പോഴെല്ലാം ജയിലധികാരികളുടെ മര്‍ദ്ദനം. തടവിലിട്ടത് വായുസഞ്ചാരമോ , വെളിച്ചമോ ഇല്ലാത്ത 'അന്‍ഡ സെല്ലിലെ (മുട്ടയുടെ ആകൃതിയുള്ള) കുടുസ്സുമുറിയില്‍. വര്‍ഷങ്ങളായി തടവില്‍ കിടക്കുന്ന സഫ്ദര്‍ നാഗോറി ചെയ്ത കുറ്റം അദ്ദേഹം സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു എന്നതാണ്. 2008 ല്‍ ഇന്‍ഡോറില്‍ നടന്ന ഒരു കേസില്‍ കുരുക്കിയാണ് സഫ്ദര്‍ നാഗോറിയെ ജീവപര്യന്തം തടവിന്റെ പേരില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കൂടെ ശിക്ഷിക്കപ്പെട്ട 10 സിമി പ്രവര്‍ത്തകരും വിചാരണ തടവുകാരായ 21 സിമി പ്രവര്‍ത്തകരുമുണ്ട്.

'സിമി' യുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു എന്നതിന്റെ പേരില്‍ എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള കൊടും ക്രൂരതകളാണ് ജയിലില്‍ നേരിടേണ്ടി വരുന്നതെന്ന് നാഗോറി ബന്ധുക്കള്‍ക്ക് കത്തയച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിനു ശേഷം 2017 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) രണ്ട് അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ കണ്ടെത്തിയത് മൃഗങ്ങളോടു പോലും ചെയ്യാത്ത ക്രൂരതകളാണ് 'സിമി' തടവുകാരോട് ചെയ്യുന്നത് എന്നായിരുന്നു.

ജയില്‍ അധികൃതര്‍ 'സിമി തടവുകാര്‍' എന്ന് തരംതിരിച്ചാണ് ശിക്ഷിക്കുന്നത്. ജയില്‍ മാനുവല്‍ നിയമ പ്രകാരം മറ്റു തടവുകാര്‍ക്ക് ലഭ്യമാകുന്ന എല്ലാ മനുഷ്യാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. നാഗോരിയെയും കൂട്ടു തടവുകാരെയും 2017 മെയ് മാസത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഭോപ്പാലിലേക്ക് മാറ്റിയതുമുതല്‍ അവര്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നുണ്ട്. അടിയും എല്ലാത്തരം അധിക്ഷേപങ്ങളും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നു.

ഇതിനെ കുറിച്ച് പരാതിപ്പെടുകയോ അല്ലെങ്കില്‍ തന്റെ കുടുംബത്തേയോ അഭിഭാഷകനെയോ അറിയിച്ചതായി സംശയം തോന്നിയാല്‍ കൂടുതല്‍ മര്‍ദ്ദനം നേരിടേണ്ടിവരുമെന്ന് സഫ്ദര്‍ നാഗോറി കത്തിലെഴുതിയിരുന്നു. ഹിന്ദുത്വ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ച് സംഘര്‍ഷമുണ്ടാക്കിയോ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയോ വധിക്കാന്‍ സാധ്യതയുണ്ടെന്നും നാഗോറി പറയുന്നു. അതുമല്ലെങ്കില്‍ എയ്ഡ്‌സ് വൈറസ് കുത്തിവയ്ക്കാനും സാധ്യതയുണ്ട്.

ഇപ്പോള്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ച സഫ്ദര്‍ നാഗോറിക്ക് ആരുമായും ഇടപഴകാന്‍ അനുവാദമില്ല. ദിവസം ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം സെല്ലില്‍ നിന്നും പുറത്തിറക്കും. അതും 25 X 20 അടി വിസ്താരമുള്ള മുറ്റത്തേക്ക്. കൂടിച്ചേര്‍ന്നുള്ള പ്രര്‍ഥനയോ ആഴ്ചതോറുമുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയോ ഒന്നും അനുവദിക്കുന്നില്ല. ഇടക്കിടെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കും. അസുഖമുണ്ടായാല്‍ ചികില്‍സ ചോദിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഹസിക്കും; ഹൃദ്രോഗിയായതിനാല്‍ മരുന്ന് നല്‍കേണ്ടി വരുമ്പോള്‍ എറിഞ്ഞാണ് കൊടുക്കുന്നത്. ഭക്ഷണവും മൃഗങ്ങള്‍ക്കെന്ന പോലെ എറിഞ്ഞു കൊടുക്കുകയാണ്. ചെയ്യുന്നത്. ഡിസ്‌പോസിബിള്‍ ഉപയോഗിച്ച് ഗ്രില്ലുകളിലൂടെ തെറിപ്പിച്ചു നല്‍കും. അതിലൂടെ തള്ളിവിടുന്ന ഭക്ഷണം പലപ്പോഴും നിലത്തു വീഴുന്നു. ഒരേ ഡിസ്‌പോസിബിള്‍ ഗ്ലാസ് മാസങ്ങളോളം ഉപയോഗിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന് ടൂത്ത് ബ്രഷോ ചീപ്പോ നല്‍കിയിട്ടില്ല.

മെക്കാനിക്കല്‍ എഞ്ചിനീയറും മാസ് കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയുമാണ് സഫ്ദര്‍ നാഗോറി. പുറംലോകത്തെ വിവരങ്ങള്‍ അറിയാന്‍ പത്രങ്ങളോ മാസികകളോ ഒന്നും അദ്ദേഹത്തിന് ലഭ്യമല്ല. കൈവശമുള്ള വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് ഏക ഗ്രന്ഥം.ഇടക്കിടെ നടത്തുന്ന തിരയലുകള്‍ക്കിടയില്‍ ഖുര്‍ആനോട് അനാദരവ് കാണിക്കുന്നു. ഇസ്‌ലാം വിരുദ്ധ വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ കൂടുതല്‍ മാനസികമായി തകര്‍ക്കാനും ശ്രമിക്കാറുണ്ട്.

ഭോപ്പാല്‍ ജയിലില്‍ സിമി തടവുകാര്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരിന് കത്തെഴുതിയതല്ലാതെ എന്‍എച്ച്ആര്‍സി പ്രശ്‌നത്തില്‍ വേറെ ഒന്നും ചെയ്തില്ല. ജബല്‍പൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇതു സംബന്ധിച്ച് ഹരജികള്‍ നല്‍കിയിരുന്നുവെങ്കിലും മൂന്ന് വര്‍ഷമായി രണ്ടു കോടതികളും ഒരു ഇടപെടലുകളും നടത്തിയിട്ടുമില്ല.





Next Story

RELATED STORIES

Share it