Latest News

വിശ്വാസ്യത നഷ്ടപ്പെട്ടു; ബാര്‍ക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവണ്‍

വിശ്വാസ്യത നഷ്ടപ്പെട്ടു; ബാര്‍ക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവണ്‍
X

കോഴിക്കോട്: ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവണ്‍. ബാര്‍ക്ക് കണക്കുകളെക്കുറിച്ച് മീഡിയവണ്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. മീഡിയവണിന്റെ ഉയര്‍ന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാന്‍ ബാര്‍ക്ക് അധികൃതര്‍ക്കായില്ല. ഇതോടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടതോടെയാണ് ബാര്‍ക്കില്‍ നിന്ന് മീഡിയവണ്‍ പിന്മാറിയത്. എന്‍ഡിടിവിക്കു ശേഷം ബാര്‍ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനലാണ് മീഡിയവണ്‍.

റേറ്റിങ് കണക്കാക്കാനെടുക്കുന്ന തീരെ ചെറിയ സാംപിള്‍ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാര്‍ക്കിന്റെ പ്രധാന പ്രശ്‌നം. ആകെയുള്ള 86 ലക്ഷം ടിവികളില്‍ ബാര്‍ക്ക് മീറ്ററുള്ളത് വെറും 1,500ല്‍ താഴെ മാത്രം ഇടങ്ങളില്‍. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉള്‍ക്കൊള്ളുന്ന തരത്തിലല്ല. ഈ മീറ്ററുകള്‍ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണവുമുണ്ട്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും മുന്‍നിരയിലാണ് മീഡിയവണ്‍. എന്നാല്‍ ബാര്‍ക്കിന്റെ കണക്കുകള്‍ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റല്‍ വഴിയുള്ള വ്യൂവര്‍ഷിപ്പ്. ബാര്‍ക്കിന്റെ പട്ടികയില്‍ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഇതോടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടതിനാലാണ് ബാര്‍ക്കില്‍ നിന്ന് പിന്മാറാനുള്ള മീഡിയവണ്‍ തീരുമാനം.

'ഡിജിറ്റലില്‍ ഞങ്ങള്‍ ഒന്നാം സ്ഥാനത്തായിരിക്കുമ്പോള്‍ ബാര്‍ക്കില്‍ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട്. പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാര്‍ക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തില്‍ നാലായിരം മുതല്‍ അയ്യായിരം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്. ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. ബാര്‍ക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികള്‍ അതേ പ്ലാറ്റ്‌ഫോമില്‍ നേരിട്ടും ഇ-മെയില്‍ വഴിയും മീഡിയവണ്‍ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും ഗുണകരമായ മാറ്റമുണ്ടാകുന്ന തരത്തിലുള്ള നടപടി ബാര്‍ക്കില്‍ നിന്നുണ്ടായിട്ടില്ല, ഈയൊരു സാഹചര്യത്തിലാണ് ബാര്‍ക്കുമായി ബന്ധം വിച്ഛേദിക്കാന്‍ മീഡിയവണ്‍ തീരുമാനിച്ചത്;- മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it