Latest News

എംഡിഎംഎ കടത്തുസംഘം പിടിയില്‍

ബെംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച നാലുപേരാണ് പിടിയിലായത്

എംഡിഎംഎ കടത്തുസംഘം പിടിയില്‍
X

പാറശ്ശാല: സംസ്ഥാനത്തേക്ക് എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ഏഴര ലക്ഷത്തോളം വിലവരുന്ന 175 ഗ്രാം എംഡിഎംഎയുമായി സംസ്ഥാനത്തേക്കെത്തിയ നാലുപേര്‍ അടങ്ങുന്ന സംഘമാണ് പിടിയിലായത്. കൊട്ടാരക്കര മാത്തനാട് ചരുവിള പുത്തന്‍വീട്ടില്‍ ഷമി(32), കണിയാപുരം ചിറ്റാറ്റുമുക്ക് ജഹ്നി മന്‍സിലില്‍ മുഹമ്മദ് കല്‍ഫാന്‍(24), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ ആഷിക്ക്(20), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ അല്‍ അമീന്‍(23) എന്നിവരാണ് പോലിസ് പിടിയിലായത്. ഇവരെ കുറച്ചുകാലമായി നിരീക്ഷിച്ചുവരികയായിരുന്നു.

ബെംഗളൂരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊത്തവില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നത്. കാറിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കും. കുടുംബസമേതം സഞ്ചരിക്കുന്ന വാഹനമാണെന്ന് തോന്നുന്നതിനാല്‍ വാഹന പരിശോധനകളില്‍നിന്ന് ഇവര്‍ രക്ഷപ്പെടാറാണ് പതിവ്.

ബെംഗളൂരുവില്‍നിന്ന് ഇവര്‍ ഷമിയുടെ വസ്ത്രത്തിനുളളില്‍ ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിച്ച് യാത്രതിരിച്ചതായുളള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പോലിസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന അതിര്‍ത്തിയായ ചെറുവാരക്കോണത്തിന് സമീപം ബൈപ്പാസിലേക്കെത്തിയ ലഹരിക്കടത്ത് സംഘം പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വനിതാ പോലിസിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

കണിയാപുരം കേന്ദ്രീകരിച്ചുളള ഈ സംഘം സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്നതായുളള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. റൂറല്‍ എസ് പിയുടെ കീഴിലുളള ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

Next Story

RELATED STORIES

Share it