Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയ്‌ക്കെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയ്‌ക്കെത്തിയ യുവാവില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു
X

പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവില്‍ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം എംഡിഎംഎ പരിയാരം പോലിസ് കണ്ടെടുത്തു. കെഎസ്പിടി റോഡില്‍ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബൈക്ക് കാറിലിടിച്ച് തീപ്പിടിത്തമുണ്ടാവുകയും ബൈക്ക് യാത്രികനായ ഒരാള്‍ മരിക്കുകയും ചെയ്തത്. ബൈക്കിലെ സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടവും വാഹനങ്ങള്‍ കത്തിയമര്‍ന്നതും അന്വേഷിക്കുന്നതിനിടെയാണ് പരിക്കേറ്റയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. കര്‍ണാടക ചിക്കമംഗളൂരു ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംസീര്‍ (20) ആണ് അപകടത്തില്‍ മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മാലിക്കുദ്ദീനെ (25) ഗുരുതരമായി പൊള്ളലേറ്റ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെ പോലിസ് ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. കെഎ-35 എക്‌സ് 1923 നമ്പര്‍ ബൈക്കിന് തീപ്പിടിച്ചതോടെയാണ് ഇടിച്ച കാറും പൂര്‍ണമായും കത്തിനശിച്ചത്.

പരിയാരം എസ്‌ഐ നിബിന്‍ ജോയിയും സംഘവും മയക്കുമരുന്ന് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ബൈക്ക് യാത്രികനായ ഒരാള്‍ മരിക്കുകയും സഹയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പോലിസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ചിക്കമംഗളൂരുവില്‍ നിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലിസ് ചോദ്യം ചെയ്തു.

ചിക്കമംഗളൂരു പോലിസുമായി ബന്ധപ്പെട്ട് ഇവരുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ശാന്തിപുരയില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തുന്ന ഷംസീര്‍ നിര്‍മാണത്തൊഴിലാളിയായ മാലിക്കുദ്ദീനെ കാണാനാണ് കണ്ണൂരിലെത്തിയതെന്നാണ് ബന്ധുക്കളില്‍ നിന്ന് പോലിസിന് ലഭിച്ച വിവരം. വാഹനാപകടത്തിലും തീപ്പിടിത്തത്തിനുമിടയില്‍ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ തീ പടരുന്നതിനിടെ കാര്‍ ഡ്രൈവര്‍ മോറാഴ സ്വദേശി രാധാകൃഷ്ണനും സഹോദരിയും ഇറങ്ങി ഓടുകയായിരുന്നു.

Next Story

RELATED STORIES

Share it