Latest News

എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം; അഡ്വ. കെ പദ്മനാഭനെ പബ്ലിക് പ്രോസിക്യൂട്ടര്‍

എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം; അഡ്വ. കെ പദ്മനാഭനെ പബ്ലിക് പ്രോസിക്യൂട്ടര്‍
X

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുറഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂര്‍ ഹാജി(55)യെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. കെ പദ്മനാഭനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2023 ഏപ്രില്‍ 14ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഹാജിയുടെ വീട്ടില്‍നിന്ന് 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്തിരുന്നു.

സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുശേഷമാണ് സംഭവം കൊലപാതകമെന്ന് പോലിസ് കണ്ടെത്തുന്നത്. ഉളിയത്തടുക്ക നാഷനല്‍ നഗര്‍ തുരുത്തി സ്വദേശി ബാര മീത്തല്‍ മാങ്ങാട് ബൈത്തുല്‍ ഫാതീമിലെ ടി എം ഉബൈസ്(ഉവൈസ് -32), ഭാര്യ കെ എച്ച് ഷമീന (ജിന്നുമ്മ-34), മുക്കുട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി എസ് അസ്നിഫ (36), മധുര്‍ കൊല്യയിലെ ആയിഷ (43) തുടങ്ങി ഏഴോളം പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

കാണാതായ 596 പവന്‍ സ്വര്‍ണം തട്ടിയെടുത്തത് മന്ത്രവാദിനിയും സംഘവുമാണെന്നും സ്വര്‍ണം കൈക്കലാക്കിയ ശേഷമാണ് ഗഫൂര്‍ ഹാജിയെ ഇവര്‍ കൊലപ്പെടുത്തിയതെന്നുമാണ് പോലിസിന്റെ കണ്ടെത്തല്‍. മരണത്തില്‍ ദുരൂഹത ആരോപിക്കുകയും തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്നും കാട്ടി ഗഫൂര്‍ ഹാജിയുടെ മകന്‍ മുസാമില്‍ ആണ് ബേക്കല്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗഫൂര്‍ ഹാജിയുടെ ഭൗതികശരീരം ഖബറില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു എന്നുള്ള അപൂര്‍വ്വതയും ഈ കേസിനുണ്ട്. ഫോറന്‍സിക്ക് സര്‍ജന്‍ ഡോ. സരിത നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹെഡ് ഇന്‍ജ്വറി ആണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നിലച്ച മട്ടില്‍ എത്തിയപ്പോള്‍ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.

കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊലപാതകക്കേസിലും അഡ്വ. കെ പദ്മനാഭന്‍ തന്നെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. നിലവില്‍ കൊച്ചി സ്പെഷ്യല്‍ സിബിഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ വിചാരണയില്‍ സിബിഐ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ആണ് കെ പദ്മനാഭന്‍.

Next Story

RELATED STORIES

Share it