Latest News

കോട്ടക്കലില്‍ വന്‍ തീപിടിത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

കോട്ടക്കല്‍ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിച്ചത്

കോട്ടക്കലില്‍ വന്‍ തീപിടിത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
X

മലപ്പുറം: കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. കടയ്ക്കുള്ളില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്. മഹാലാഭമേള എന്ന പേരില്‍ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വില്‍ക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. താല്‍കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്ളക്സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട കത്തിനശിച്ചു. മറ്റു സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുളള കാര്യങ്ങളാണ് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തുന്നത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പെണ്‍കുട്ടികള്‍ സ്ഥിരമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഒരു ഭാഗത്തെ തീ പൂര്‍ണമായും അണച്ചാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ രണ്ടു പേരില്‍ ഒരാള്‍ക്ക് ചെറിയ തോതില്‍ പരിക്കുകളുള്ളതായും ഇവരെ ആശുപത്രിയിലെത്തിച്ചതായും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരന്‍ പറഞ്ഞു.

മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ നാല് ഫയര്‍ഫോഴ്‌സ് യുണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. അപകട കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

Next Story

RELATED STORIES

Share it