Latest News

'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ തിരൂരില്‍ ലോഞ്ച് ചെയ്തു

മാപ്പിള ഹാല്‍ വെര്‍ച്വല്‍ എക്‌സിബിഷന്‍ തിരൂരില്‍ ലോഞ്ച് ചെയ്തു
X

തിരൂര്‍: 'മാപ്പിള ഹാല്‍' എന്ന പേരില്‍ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍ ലോഞ്ച് ചെയ്തു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന പോരാട്ടങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറില്‍ നടന്ന സമരം നേരിനും നീതിക്കും വേണ്ടിയുള്ളതായിരുന്നു. മര്‍ദ്ദക ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ ആവര്‍ത്തിക്കുമ്പോള്‍ പോരാട്ടങ്ങള്‍ തുടരാന്‍ ഇത്തരം ഓര്‍മകള്‍ പ്രചോദനമാണ്. നേരിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഏതൊരു മുസ്‌ലിമിന്റെയും ബാധ്യതയാണ്. യു.കെയില്‍ ഇരുന്ന് കൊണ്ട് ഞാനും ഇന്ത്യയില്‍ നിങ്ങളും നടത്തുന്ന പോരാട്ടങ്ങള്‍ ഇത്തരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതിരുകള്‍ക്കപ്പുറം ചിന്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്- അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരൂര്‍ വാഗണ്‍ മാസകര്‍ ഹാളില്‍ നടന്ന ലോഞ്ചിംഗ് പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ശര്‍ജീല്‍ ഉസ്മാനി, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗാര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ എസ് മാധവന്‍, എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ. ജമീല്‍ അഹ്മദ്, സൂഫി ഗായകന്‍ സമീര്‍ ബിന്‍സി, മാധ്യമ പ്രവര്‍ത്തകന്‍ സമീല്‍ ഇല്ലിക്കല്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി.റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന ജനറര്‍ സെക്രട്ടറി പി.പി.ജുമൈല്‍, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന അബദുല്ലത്തീഫ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി. ഇ.എം, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറി നിയാസ് വേളം, എക്‌സിബിഷന്‍ ക്യുറേറ്റര്‍ ഷഹീന്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. സിദ്‌റത്തുല്‍ മുന്‍തഹ, ബാദുഷ, നഫാദ് സിനാന്‍ എന്നിവരുടെ ഗാന വിരുന്നും ശാന്തുപരം അല്‍ജാമിഅ വിദ്യാര്‍ത്ഥികളുടെ കോല്‍ക്കളിയും നസീഫ് ഇലാഹിയ അവതരിപ്പിച്ച റാപ്പും വേദിയില്‍ നടന്നു.

മലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍' എന്ന് സംഘാടകര്‍ പറഞ്ഞു. മലബാര്‍ പോരാട്ടത്തിന്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്‌സിബിഷന്‍. മൊബൈല്‍ അപ്ലിക്കേഷനിലാണ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലഭ്യമാവുക. മലബാര്‍ സമര ചരിത്രത്തിന്റെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന വീഡിയോകള്‍, പെയിന്റിംഗ്, കാലിഗ്രഫി , ഡിജിറ്റല്‍ ആര്‍ട്ട് , അപൂര്‍വ്വ ചരിത്രരേഖകള്‍, കേരളീയ മുസ്‌ലിം പോരാട്ട പാരമ്പര്യത്തിന്റെ നാള്‍വഴികള്‍, മലബാര്‍ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങള്‍, ചരിത്ര രചനകള്‍, സമര പോരാളികള്‍, സംഭവവികാസങ്ങള്‍, പോരാട്ട ഭൂമികള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് എക്‌സിബിഷന്‍. മലബാര്‍ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങള്‍ ജനകീയമായിത്തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'മാപ്പിള ഹാല്‍' ഒരുക്കിയിരിക്കുന്നത്. അധിനിവേശ ശക്തികള്‍ക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീര്‍ഘമായ വൈജ്ഞാനിക സമര പാരമ്പര്യത്തെ ഹാലിളക്കമായും മതഭ്രാന്തായും ചിത്രീകരിച്ച കൊളോണിയല്‍ സവര്‍ണ്ണ ആഖ്യാനങ്ങള്‍ക്കുള്ള വിമര്‍ശക ബദല്‍ കൂടിയാണ് മാപ്പിള ഹാല്‍.

Next Story

RELATED STORIES

Share it