Latest News

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ആത്മഹത്യ ഫസല്‍ വധത്തിനു ശേഷമുണ്ടായ ദുരൂഹ മരണങ്ങളുടെ ആവര്‍ത്തനമോ ?

ഫസല്‍ വധക്കേസില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ അറിയുന്ന മൂന്നു പ്രവര്‍ത്തകരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ആത്മഹത്യ ഫസല്‍ വധത്തിനു ശേഷമുണ്ടായ ദുരൂഹ മരണങ്ങളുടെ ആവര്‍ത്തനമോ ?
X

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് കുലോത്തിന്റെ ആത്മഹത്യ ഓര്‍മിപ്പിക്കുന്നത് എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ ശേഷമുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍. കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ഘട്ടത്തില്‍ കേസിലെ പ്രതികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.


ഫസല്‍ വധക്കേസിന് ശേഷം സിപിഎമ്മിന്റെ ആക്ഷന്‍ സ്‌ക്വാഡില്‍ പെട്ട ന്യൂ മാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനും ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം നേതൃത്വവുമായി ഇരുവരും ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ടായതിനു ശേഷമാണ് രണ്ടു പേരും കൊല്ലപ്പെട്ടത്. ഷിനിലിനെ എടന്നൂരിലെ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ വര്‍ഷം തന്നെ മട്ടന്നൂരില്‍ സി പി എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുട്ടനും കൊല്ലപ്പെട്ടു. രണ്ടു കൊലപാതകങ്ങളിലും സിപിഎമ്മിനെതിരേ ആരോപണങ്ങളുയര്‍ന്നുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ അന്വേഷണം ഒതുക്കുകയായിരുന്നു.


ഫസല്‍ വധക്കേസില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ അറിയുന്ന മൂന്നു പ്രവര്‍ത്തകരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ റയീസ്, കെ പി ജിജേഷ്, യു കെ സലീം എന്നിവരുടെ മരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇനിയും കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മാണെന്ന് സലീമിന്റെ പിതാവ് യൂസഫ് പറഞ്ഞിരുന്നു. ഇതിനു ബലം നല്‍കുന്ന തെളിവുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു.


ബിജെപി പ്രവര്‍ത്തകനായ കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ചതായി കണ്ടെത്തിയതിലും സംശയം ഉയര്‍ന്നിരുന്നു. സജീവനെ സിപിഎമ്മുകാരാണ് കൊലപ്പെടുത്തിയത് എന്ന് അദ്ദേഹത്തിന്റെ മാതാവും സഹോദരിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇതിലും അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it