പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം; ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ കടന്നുപോവുന്ന മോശം സാഹചര്യത്തില്‍ നിന്നുള്ള ഓരോ പൗരന്റേയും ആശങ്കയാണ് മമ്മൂട്ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്

പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം; ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം
ണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം; ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ? കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ചോദിച്ച ചോദ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ കടന്നുപോവുന്ന മോശം സാഹചര്യത്തില്‍ നിന്നുള്ള ഓരോ പൗരന്റേയും ആശങ്കയാണ് മമ്മൂട്ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മമ്മൂട്ടിയുമായുള്ള ഈ സംഭാഷണം തന്റെ സുഹൃത്തും എഴുത്തുകാരനുമായ എസ് ഗോപാലകൃഷ്ണനോട് ബാലചന്ദ്രന്‍ ചുള്ളിക്കാട് പങ്കുവയ്ക്കുകയായിരുന്നു. ഇക്കാര്യം ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലൂട പുറംലോകത്തെ അറിയിക്കുകയും ചെയ്തു.

മമ്മൂട്ടി എന്താണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ഇന്നലെ പറഞ്ഞത്? എന്ന തലക്കെട്ടോടെയാണ് എസ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ബാലചന്ദ്രന്‍ ചുള്ളിക്കാട് വാട്‌സ്ആപ്പിലൂടെ നല്‍കിയ സന്ദേശം അതേപടി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിങിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

'സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?'

'അതെ.'ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു: 'പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം; ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?'


Sudheer H

Sudheer H

Our Contributor help bring you the latest article around you


RELATED STORIES

Share it
Top