Latest News

'' പ്രഗ്യാ സിങ് താക്കൂര്‍ രണ്ടു വര്‍ഷം മുമ്പേ സന്ന്യാസിനി; ഭൗതിക സ്വത്തുക്കളോട് അകലം പാലിച്ചിരുന്നു,ബോംബ് സ്ഥാപിച്ച ബൈക്ക് അവരുടേതാണെന്നതിന് തെളിവില്ല''-എന്‍ഐഎ കോടതി

 പ്രഗ്യാ സിങ് താക്കൂര്‍ രണ്ടു വര്‍ഷം മുമ്പേ സന്ന്യാസിനി; ഭൗതിക സ്വത്തുക്കളോട് അകലം പാലിച്ചിരുന്നു,ബോംബ് സ്ഥാപിച്ച ബൈക്ക് അവരുടേതാണെന്നതിന് തെളിവില്ല-എന്‍ഐഎ കോടതി
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി മുന്‍ എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ സ്‌ഫോടനത്തിന് രണ്ടുവര്‍ഷം മുമ്പേ സന്ന്യാസിനിയായി മാറിയിരുന്നുവെന്ന് എന്‍ഐഎ കോടതി. ഭൗതിക സ്വത്തുക്കളോട് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബോംബ് സ്ഥാപിച്ച ബൈക്ക് പ്രഗ്യയുടേതാണെന്ന് തെളിയിക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

ബൈക്കിന്റെ ചേസിസ് നമ്പര്‍ ചുരണ്ടി മാറ്റിയിരുന്നു. അതിനാല്‍ അത് പ്രഗ്യയുടേത് ആണ് എന്ന് പറയാനാവില്ല. സ്‌ഫോടനം നടന്ന പ്രദേശം പോലിസ് ശാസ്ത്രീയമായി അടച്ചുപൂട്ടാത്തതിനാല്‍ തെളിവുകള്‍ വിശ്വസിക്കാനുമാവില്ല. കേസിലെ സൈനികനായ പ്രതി ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് കശ്മീരില്‍ നിന്നും ആര്‍ഡിഎക്‌സ് കൊണ്ടുവന്നു വീട്ടില്‍ സൂക്ഷിച്ച് ബോംബ് നിര്‍മിച്ചു എന്ന വാദം തെളിയിക്കാനും എന്‍ഐഎയ്ക്ക് കഴിഞ്ഞില്ല.

പ്രതികള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ നിയമപ്രകാരം അറ്റസ്റ്റ് ചെയ്തിരുന്നില്ല. അതിനാല്‍ അവയെ തെളിവായി സ്വീകരിക്കാനാവില്ല. യുഎപിഎ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടു അനുമതികളില്‍ പിഴവകളുണ്ട്. അതിനാല്‍ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

'' പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടാവാമെന്ന ഗുരുതരമായ സംശയം കോടതിക്കുണ്ട്. എന്നാല്‍, ശിക്ഷിക്കാന്‍ വേണ്ട തെളിവുകളില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെവിടുകയല്ലാതെ മാര്‍ഗമില്ല.''-കോടതി വിശദീകരിച്ചു.

മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. പരിക്കേറ്റ 95 പേര്‍ക്ക് അരലക്ഷം രൂപ വീതവും നല്‍കണം. തീവ്രവാദത്തിന് മതമില്ലെന്നും അക്രമം നടത്താന്‍ ഒരു മതവും നിര്‍ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it