Latest News

സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതെന്ന ആരോപണം; വിശദീകരണവുമായി മാലദ്വീപ് മുന്‍മന്ത്രി

സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതെന്ന ആരോപണം;  വിശദീകരണവുമായി മാലദ്വീപ് മുന്‍മന്ത്രി
X

മാലെ: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി മാലദ്വീപ് മുന്‍മന്ത്രി മറിയം ഷിവുന.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) അംഗമാണ് മറിയം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷപാര്‍ട്ടിയായ എംഡിപിയെ വിമര്‍ശിച്ചായിരുന്നു മറിയത്തിന്റെ എക്‌സിലെ പോസ്റ്റ്. ഇതില്‍ എംഡിപിയുടെ പ്രചാരണ പോസ്റ്ററില്‍, ആ പാര്‍ട്ടിയുടെ ചിഹ്നം മാറ്റി അശോകചക്രം ചേര്‍ത്തുകൊണ്ടായിരുന്നു മറിയത്തിന്റെ പോസ്റ്റ്.

എംഡിപി കൂപ്പുകുത്താന്‍ പോവുകയാണെന്നും മാലദ്വീപിലെ ജനങ്ങള്‍ അവര്‍ക്കൊപ്പം നിലംപതിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മറിയം പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ വ്യാപകവിമര്‍ശനമാണ് മറിയത്തിനു നേര്‍ക്ക് ഉയര്‍ന്നത്. വിവാദമായ പശ്ചാത്തലത്തില്‍ മറിയം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണവും ഖേദപ്രകടനവുമായി മറിയം എത്തിയത്. ഇന്ത്യന്‍ പതാകയോട് സാമ്യമുള്ള ചിത്രം എംഡിപിക്ക് എതിരായ പോസ്റ്റില്‍ ചേര്‍ത്തത് മനഃപൂര്‍വമായിരുന്നില്ല. ഇത് ഏതെങ്കിലും വിധത്തിലുള്ള തെറ്റിദ്ധാരണയ്ക്ക് വഴിവെച്ചുവെങ്കില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും മറിയം വിശദീകരണ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയുമായുള്ള ബന്ധത്തെയും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പരസ്പര ബഹുമാനത്തെയും മാലിദ്വീപ് ഏറെ മാനിക്കുന്നുവെന്നും മറിയം പറയുന്നു.

ഇതാദ്യമായല്ല മറിയത്തിന്റെ ഭാഗത്തുന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട് വിവാദപരാമര്‍ശങ്ങളുണ്ടാകുന്നത്. ഇക്കൊല്ലം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മറിയം നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. തുടര്‍ന്ന് മറിയം ഉള്‍പ്പെടെ മൂന്നുപേരെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it