Latest News

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തത് കൊവിഡ് മുക്തനാവാതെ; മെഡിക്കല്‍ റിപോര്‍ട്ട് പുറത്ത്

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തത് കൊവിഡ് മുക്തനാവാതെ; മെഡിക്കല്‍ റിപോര്‍ട്ട് പുറത്ത്
X

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് കൊവിഡ് ഭേദമാവാതെയെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷമായി കടുത്ത പ്രമേഹരോഗിയായ കാപ്പന് 14 ദിവസത്തെ ക്വാറന്റീനും ഡോക്ടര്‍മാര്‍ വിധിച്ചിട്ടുണ്ട്.

കാപ്പനെ കൊവിഡ് ഭേദമാവാതെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതാണെന്ന് ഭാര്യ റൈഹാനത്ത് ആരോപിച്ചിരുന്നു. പുറത്തുവന്ന റിപോര്‍ട്ട് അത് ശരിവയ്ക്കുന്നതാണ്.

മെഡിക്കല്‍ റിപോര്‍ട്ടനുസരിച്ച് പത്തുവര്‍ഷമായി കാപ്പന്‍ പ്രമേഹരോഗിയാണ്. ഏതാനും ദിവസം മുമ്പ് ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ തുടങ്ങി. പ്രമേഹം വര്‍ധിച്ചതിനെത്തുടര്‍ന്ന് കാഴ്ച മങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ബോധം കെട്ട് വീണിരുന്നു. കീഴ്ത്താടിയില്‍ പരിക്കേറ്റിട്ടുണ്ട്. ആദ്യം ലോക്കല്‍ ആശുപത്രിയില്‍ ചികില്‍സിച്ചു. തുടര്‍ന്നാണ് എയിംസിലേക്ക് മാറ്റിയത്.

ഇസിജി, എംആര്‍ഐ, എന്നീ പരിശോധനകളില്‍ പ്രത്യേകിച്ചൊന്നും കാണാനായില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടറിയില്‍ കൊഴുപ്പടിഞ്ഞിട്ടുണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്. ന്യൂറോളജി, ഒപ്താല്‍മോളജി, എന്‍ഡൊക്രിനോളജി വിഭാഗത്തിലുള്ള ഡോക്ടര്‍മാരെ കണ്ട് റിവ്യു നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ് ഡോക്ടര്‍ ഡോ. കാര്‍ത്തിക്കാണ് ഒപ്പുവച്ചിട്ടുള്ളത്.

കാപ്പനെ കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായാണ് യുപിയിലെ മഥുര ജയിലിലേക്ക് മാറ്റിയത്. സിദ്ദിഖ് ഫോണ്‍ ചെയ്താണ് യുപിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. വ്യാഴാഴ്ച രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് കൊണ്ടുപോയതെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്.

എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ദിവസങ്ങളായി ഡല്‍ഹിയില്‍ തങ്ങുന്ന റൈഹാനത്തിനും മകനും കാപ്പനെ കാണാന്‍ പോലിസ് അനുമതി നല്‍കിയിരുന്നില്ല. പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സിദ്ദീഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി ഹൈക്കോടതിയില്‍ റൈഹാനത്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കാനിരിക്കെയാണ് അതീവ രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോയത്.

Next Story

RELATED STORIES

Share it