Latest News

സ്ത്രീകളുടെ മലബാര്‍ കലാപം

സ്ത്രീകളുടെ മലബാര്‍ കലാപം
X

സൈനബ് മുഹമ്മദ് ഹാരിസ്

മലബാര്‍ സമരത്തിലെ സ്ത്രീസാന്നിധ്യം വ്യക്തമാക്കുന്ന കൃതികള്‍ അപൂര്‍വമാണ്. മലബാര്‍ സമരത്തിലെ നായകനായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വൈദേശികാധിപത്യത്തിനെതിരേ ഒരു പര്‍വതം കണക്കെ ഉയര്‍ന്നുനിന്നപ്പോള്‍, അദ്ദേഹത്തിന്റെ സഹധര്‍മിണി മാളു ഹജ്ജുമ്മ ധീരതയുടെ, വിപ്ലവത്തിന്റെ ഉജ്ജ്വല പ്രകാശമായി പോരാട്ടഭൂമിയില്‍ നിറഞ്ഞുനിന്നിരുന്നു.

മലബാര്‍ സമരത്തില്‍ മാളു ഹജ്ജുമ്മയുടെ പങ്കും അവരുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ തിയ്യതികളടക്കം വളരെ വ്യക്തവും കൃത്യവുമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ജാഫര്‍ ഈരാറ്റുപേട്ടയുടെ 'മാളു മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്' എന്ന പുസ്തകം. വെട്ടിമാറ്റിയും വളച്ചൊടിച്ചും ചരിത്രത്തിന്റെ നേരവകാശികളെ അരികുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകം. യുവത ബുക്ക് ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 'മലബാറിന്റെ ഝാന്‍സീറാണി' എന്ന തലക്കെട്ടില്‍ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കെ പി സുധീരയാണ്.

രോമാഞ്ചം കൊള്ളിക്കുന്ന വായനാനുഭവമാണ് ഈ പുസ്തകം തരുന്നത്. ഹിജാബണിഞ്ഞ മലബാറിലെ നാടന്‍ പെണ്ണുങ്ങള്‍ കൊളോണിയല്‍ മേധാവിത്തത്തിനെതിരേയുള്ള പോരാട്ടത്തില്‍ വഹിച്ച പങ്ക് ഐതിഹാസികമാണ്. സമരകാലത്ത് എങ്ങനെയാണ് മലബാറിലെ മുസ്‌ലിം കുടുംബങ്ങള്‍ കഴിഞ്ഞുപോയിരുന്നതെന്നു നമുക്ക് ഈ കൃതിയില്‍നിന്നു കൃത്യമായി മനസ്സിലാക്കാം. ഹിന്ദു-മുസ്‌ലിം ഐക്യവും എത്രത്തോളം സാഹോദര്യബന്ധം പുലര്‍ത്തിയിരുന്നുവെന്നതും ഹിന്ദുസഹോദരങ്ങള്‍ മാപ്പിളമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവരുടെ കൂടെ സമരത്തില്‍ പങ്കെടുത്തതും പുസ്തകം വ്യക്തമാക്കുന്നുണ്ട്.

മാപ്പിള സമരത്തെ പ്രസ്താവിക്കുന്ന പുസ്തകങ്ങളില്‍ ഒരു പേജോ കൂടിപ്പോയാല്‍ ഒരു അധ്യായമോ മാത്രമാണ് സ്ത്രീകളുടെ സാന്നിധ്യത്തെ പ്രതിപാദിക്കുന്നുണ്ടാവുക. എന്നാല്‍, സമരത്തില്‍ ശത്രുക്കളുടെയടക്കം മൃതദേഹങ്ങള്‍ക്കായി കുഴിയെടുത്തതും ഖബറടക്കിയതും സ്ത്രീകളായിരുന്നു.

ഹിജാബ് നിരോധിക്കണമെന്ന് ആക്രോശിക്കുകയും സത്യങ്ങള്‍ വിളിച്ചുപറയുന്ന നാവുകളെ പിഴുതെറിയുകയും സംഘിസത്തിന്റെ വെറുപ്പുല്‍പ്പാദന കേന്ദ്രങ്ങള്‍ വിഷം ചീറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് നാം അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് മാളു ഹജ്ജുമ്മയുടേത്. തല മറച്ച് അരയിലൊരു കത്തിയും വച്ച് അദ്ഭുതകരമായ മനോധൈര്യത്തോടെ അല്ലാഹുവില്‍ സര്‍വതും അര്‍പ്പിച്ചുകൊണ്ടു യുദ്ധക്കളത്തിലേക്കിറങ്ങിയ മാളു ഹജ്ജുമ്മയുടെ ചരിത്രം.

വീട്ടിക്കുന്ന് ക്യാംപില്‍ പോരാട്ടം നടക്കുന്നതിന് ഏതാനും ദിവസം മുമ്പു കരുവാരക്കുണ്ട് അങ്ങാടിയില്‍ മാളു ഹജ്ജുമ്മ നടത്തിയ പ്രസംഗം പുസ്തകം ഉദ്ധരിക്കുന്നുണ്ട്, അത് ഇപ്രകാരമാണ്: 'വെള്ളക്കാരുമായി ഇനീം യുദ്ധംണ്ടാവും. ആരും ഭയക്കരുത്. വാരിയന്‍കുന്നന്‍ സുല്‍ത്താന്‍ നമ്മോടൊപ്പണ്ട്. പോരാട്ടത്തോടൊപ്പം എല്ലാവരുടെയും പ്രാര്‍ഥനയും അദ്ദേഹത്തിനുണ്ടാവണം. വെള്ളക്കാരന്റെ ഭരണം ഒടുക്കണം. നമ്മുടെ പുരുഷന്മാര്‍ യുദ്ധത്തിനു പോവുമ്പോള്‍ നാം സ്ത്രീകളായിരിക്കണം അവരെ സലാം ചൊല്ലി സന്തോഷത്തോടെ യാത്രയാക്കേണ്ടത്. കൂടെ പോവാന്‍ കഴിയുന്നോര്‍ പോണം. കഴിയാത്ത സ്ത്രീകള്‍ കാട്ടിലും പാറക്കൂട്ടത്തിലും ഒളിച്ചിരിക്കണം.'

ഈ പുസ്തകം സ്വന്തം പൈതൃകങ്ങളില്‍ അഭിമാനിക്കുന്ന വായനക്കാരെ ആവേശംകൊള്ളിക്കും.

മാളു മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്
ജാഫര്‍ ഈരാറ്റുപേട്ട, പേജ് 121
വില 150 രൂപ,
യുവത ബുക് ഹൗസ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

(തേജസ് ദൈ്വവാരികയില്‍ ഏപ്രില്‍ 15-30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Next Story

RELATED STORIES

Share it