Latest News

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു

മാധ്യമങ്ങള്‍ക്ക് ശ്രീകോവിലിനു മുന്നില്‍ പ്രവേശനമില്ല

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു
X

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്നു വൈകിട്ട് 5.00നാണ് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് നട തുറന്നത്. ആഴി തെളിച്ച ശേഷം തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കും. നാളെ പൂജകള്‍ തുടങ്ങും. നാളെ മുതല്‍ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് മൂന്നു മണിക്ക് തുറക്കും. രാത്രി 11 മണിക്ക് നട അടയ്ക്കും. അതേസമയം ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ശ്രീകോവില്‍ ഭാഗത്താണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്നാണ് വിശദീകരണം.

ഡിസംബര്‍ 26ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. ഡിസംബര്‍ 27ന് മണ്ഡലപൂജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20നു മണ്ഡലക്കാലത്തിനു ശേഷം നടയടക്കും. പ്രതിദിനം 90,000 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. 70,000 പേര്‍ക്ക് വെര്‍ച്ചല്‍ ക്യൂ വഴിയും 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയുമാണ് ദര്‍ശനത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങിന് ഡിസംബര്‍ രണ്ടുവരെ ഒഴിവില്ല. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തല്‍സമയ ബുക്കിങ്ങിലേക്കു മാറും.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി എസ്‌ഐടി സംഘം സന്നിധാനത്തെത്തി. ഇന്നു രാവിലെയാണ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ എസ്‌ഐടി സംഘം പമ്പയിലെത്തിയത്. നാളെ ഉച്ചപൂജക്കു ശേഷമാണ് ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും ശാസ്ത്രീയ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്താന്‍ ദ്വാരപാലക ശില്‍പ്പങ്ങളിലെയടക്കം സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധിക്കും. രാസ പരിശോധനയ്ക്കു വിധേയമാക്കാന്‍ ഒരു സെന്റീമീറ്റര്‍ വ്യാപ്തിയില്‍ സ്വര്‍ണം ശേഖരിക്കും. എസ്‌ഐടി സംഘത്തിനൊപ്പം ശാസ്ത്രീയ പരിശോധന വിദഗ്ധരും സ്മിത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമുണ്ട്.

Next Story

RELATED STORIES

Share it