Latest News

നിസര്‍ഗ: മഹാരാഷ്ട്രയില്‍ മൂന്ന് മരണം; 4 ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി

നിസര്‍ഗ: മഹാരാഷ്ട്രയില്‍ മൂന്ന് മരണം; 4 ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി
X

മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിലും അയല്‍ജില്ലകളിലും ഇന്നലെ ഉച്ചയ്ക്ക് ആഞ്ഞുവീശിയ 'നിസര്‍ഗ' മഹാരാഷ്ട്രയില്‍ ഇതുവരെ മൂന്ന് പേരുടെ ജീവനെടുത്തു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂനെയിലും താനെയിലും ഗ്രാമീണ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങളുണ്ടായി. നാല് ജില്ലകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 25 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.

ഇന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ വീശിയടിച്ച കാറ്റിലും മഴയിലും മേല്‍ക്കൂര പറന്നുപോയി വീടിന്റെ ചുമര് വീണാണ് രണ്ട് പേര്‍ മരിച്ചത്. 65 വയസ്സുള്ള ഒരു സ്ത്രീയും 52 വയസ്സുള്ള പുരുഷനുമാണ് മരണമടഞ്ഞത്. ഇതില്‍ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഖേദിലെ വഹാഗോന്‍ ഗ്രാമത്തിലാണ് അപകടം നടന്നത്. നേരത്തെ മറ്റൊരാള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചിരുന്നു.

അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം 'നിസര്‍ഗ' മഹാരാഷ്ട്ര തീരങ്ങളില്‍ ഉച്ചയോടെയാണ് ആഞ്ഞടിച്ചത്. തുടക്കത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 93 കിലോ മീറ്ററായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. മുംബൈ, താനെ ജില്ലകളില്‍ മൂന്നു മണിക്കൂര്‍ നേരം ചുഴലിക്കാറ്റ് നീണ്ടു നിന്നു. നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്കു പുറമേ ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈകീട്ടായതോടെ കാറ്റിന്റെ വേഗത വലിയ തോതില്‍ കുറഞ്ഞു.

കൊവിഡ് ബാധ ഏറ്റവും ശക്തമായ മഹാരാഷ്ട്രയില്‍ പുതിയ ദുരിതങ്ങളുടെ ഭീഷണിയോടെയായിരുന്നു നിസര്‍ഗയുടെ വരവ്. നിലവില്‍ 41,000 ആക്റ്റീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. നിസര്‍ഗ സൂചന ലഭിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലും മുംബൈയിലെ തീരപ്രദേശങ്ങളിലും പ്രവേശന വിലക്കേര്‍പ്പെടുത്തി. രാത്രി 7 മണിവരെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം അടച്ചു. കാറ്റ് അടങ്ങിയശേഷം ഏഴ് മണിക്ക് തുറന്നു.

അലിബാഗില്‍ മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. പിന്നീടത് അത് 100 ഉം 120ഉം വേഗതയാര്‍ജ്ജിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. ദുരന്തത്തെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 43 ടീമുകളെ നിയോഗിച്ചിരുന്നു. മുന്‍കരുതലെന്ന നിലയില്‍ മഹാരാഷ്ട്രയില്‍ 19,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് ദിവസത്തേക്ക് വീട്ടിനു പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്കു പുറമേ ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Next Story

RELATED STORIES

Share it