Latest News

സര്‍ക്കാര്‍ വിമര്‍ശകരെ നിശ്ശബ്ദരാക്കാനാവരുത് അപകീര്‍ത്തി കേസുകളെന്ന് മദ്രാസ് ഹൈക്കോടതി: എന്‍ റാമിനും സിദ്ധാര്‍ത്ഥ വരദരാജനുമെതിരേയുള്ള കേസുകള്‍ റദ്ദാക്കി

സര്‍ക്കാര്‍ വിമര്‍ശകരെ നിശ്ശബ്ദരാക്കാനാവരുത് അപകീര്‍ത്തി കേസുകളെന്ന് മദ്രാസ് ഹൈക്കോടതി: എന്‍ റാമിനും സിദ്ധാര്‍ത്ഥ വരദരാജനുമെതിരേയുള്ള കേസുകള്‍ റദ്ദാക്കി
X

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹിന്ദു ഗ്രൂപ്പ് എഡിറ്റര്‍ എന്‍ റാം, എഡിറ്റര്‍ ഇന്‍ ചീഫ് സിദ്ധര്‍ത്ഥ വരദരാജന്‍, നക്കീരന്‍ ഗോപാലന്‍ എന്നിവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

2012 ല്‍ ജെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ അപകീര്‍ത്തിക്കേസാണ് കോടതി റദ്ദാക്കിയത്.

ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത സംസ്ഥാന സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കിയെന്നായിരുന്നു ആരോപണം. വ്യക്തികളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരുകള്‍ക്ക് വിമര്‍ശനങ്ങളോട് ഉയര്‍ന്ന സഹിഷ്ണുതയുണ്ടാവണമെന്ന് വിധിന്യായത്തില്‍ പറയുന്നു. അപകീര്‍ത്തി കേസുകള്‍ ജനാധിപത്യ അവകാശത്തെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നതിനെയും കോടതി വിലക്കി.

2011 നും 2013 നും ഇടയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ മാനനഷ്ടക്കേസുകളില്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ സമര്‍പ്പിച്ച 25 ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ്് മാധ്യമസ്വാതന്ത്ര്യത്തില്‍ നിര്‍ണായകമായേക്കാവുന്ന വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ മാനനഷ്ടക്കേസുകളില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്ര ആവേശപൂര്‍വം ഇടപെട്ടാല്‍ നമ്മുടെ സെഷന്‍സ് കോടതികള്‍ കേസുകള്‍ കൊണ്ടു നിറയും. അത്രയധികം പരാമര്‍ശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് പറഞ്ഞു.

ഇത്തരം കേസുകളില്‍ സര്‍ക്കാരുകള്‍ കുറേ കൂടെ സംയമനം പാലിക്കണം. സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളെ കുറ്റകരമായ മാനനഷ്ട കേസുകൊണ്ട് നേരിടുന്നത് മുളയിലേ നുള്ളണം. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ സിആര്‍പിസി സെക്ഷന്‍ 199(2) അനുസരിച്ച് കുറ്റകരമായ മാനനഷ്ടത്തിന് കേസെടുക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഒരു പൊതുജനസേവകന്‍ വിമര്‍ശനം നേരിടാന്‍ തയ്യാറായിരിക്കണം. അധികാരികള്‍ പ്രതികാരം ചെയ്യാനുള്ള അത് ആയുധമായി ഉപയോഗിക്കരുത്. ഭരണകൂടം ഒരു പിതാവിനെപ്പോലെയോ മാതാവിനെപ്പോലെയോ ആണ്. പൗരന്മാര്‍ മക്കളാണ്. ചില മക്കള്‍ മാതാപിതാക്കളെ മുറിപ്പെടുത്തും. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ സമീപനവും ഇതായിരിക്കണണെന്ന് കോടതി ഓര്‍മിപ്പിച്ചു.

2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ തമിഴ്‌നാടിന്റെ വിവിധ കോടതികളിലായി 226 മാനനഷ്ടക്കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉണ്ട്. എല്ലാത്തിലും യാന്ത്രികമായി 199(2) ചുമത്തുന്നതുകൊണ്ട് കോടതികളില്‍ കേസുകള്‍ തിങ്ങിക്കൂടുകയാണ്. ഇത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജ് കൃത്യമായി വിലയിരുത്തിയാവണം അതനുവദിക്കാന്‍. പബ്ലിക് പ്രോസിക്യൂട്ടറെയും കോടതി വിമര്‍ശിച്ചു. പ്രോസിക്യൂട്ടര്‍ ഒരു പോസ്റ്റ് ഓഫിസ് പോലെ പ്രവര്‍ത്തിക്കരുത്. അദ്ദേഹത്തിന് രണ്ട് ചുമതലകളാണ് ഉള്ളത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറെന്നനിലയിലും ഒരു ഭരണഘടനാസംരക്ഷകന്‍ എന്ന നിലയിലും. അക്കാര്യവും അദ്ദേഹം ഓര്‍ക്കണം- വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2012 ജനുവരി എട്ടിന് പ്രസിദ്ധീകരിച്ച 'എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നക്കീരന്‍ ഓഫീസ് ആക്രമിച്ചു എന്ന റിപോര്‍ട്ടാണ് ആദ്യ മാനനഷ്ടക്കേസിന് കാരണമായത്. ഇത് ആക്രമണത്തെ കുറിച്ചുള്ള വസ്തുതാപരമയാ റിപോര്‍ട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാമത്തേത് 2012 ജൂലൈയില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിജയകാന്ത് പുറത്തിറക്കിയ പ്രസ്താവന പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് വളരെക്കാലം ഇടവേള എടുക്കുകയും സര്‍ക്കാരിനെ പ്രസ്താവനകളിലൂടെ നയിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അത് പ്രസിദ്ധീകരിച്ചതാണ് അടുത്ത കേസ്. ഇതും ഒരു പ്രസ്താവനയുടെ റിപോര്‍ട്ട് മാത്രമാണെന്നും മാത്രമല്ല, വിജയകാന്തിനെതിരേ കൊടുത്ത കേസ് പിന്നീട് ജയലളിത പിന്‍വലിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ കേസുതന്നെ നിലവില്ലാത്ത നിലയ്ക്ക് മാധ്യമസ്ഥാപനത്തിനെതിരേയുള്ള കേസ് എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് കോടതി ചോദിച്ചു. നക്കീരന്‍ മാസികയിലെ ഒരു ലേഖനം പുനപ്പരിശോധിച്ചതിനും കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it