Latest News

തൃശൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

പായ്തുരുത്ത്, ചെമ്പകത്തുരുത്ത്, തിരുത്ത, മുത്തുകുളങ്ങര, ചെത്തിക്കോട് തുടങ്ങിയ തുരുത്തുകളെല്ലാം വെള്ളക്കെട്ടിലാണ്.

തൃശൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
X
കൊച്ചുകടവ് പള്ളിബസാര്‍ വലിയവീട്ടില്‍ സലാമിന്റെയും ചെറുകാട്ടില്‍ ജബ്ബാറിന്റെയും വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലായപ്പോള്‍

മാള: ഡാമുകളില്‍ നിന്നുമുള്ള വെള്ളം ചാലക്കുടി പുഴയില്‍ നിന്നുമെത്തിയതോടെയും മഴ ശക്തമായി തുടരുന്നതിനാലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജില്ലയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളുള്‍ക്കൊള്ളുന്ന കുഴൂര്‍ ഗ്രാമപഞ്ചായത്തിലാണ് വെള്ളക്കെട്ട് മൂലം കൂടുതല്‍ ദുരിതമുണ്ടായത്. കുണ്ടൂര്‍ തിരുത്ത- ചെത്തിക്കോട് റോഡ്, കൊഴവക്കാട്-കുന്നത്തുകാട് റോഡ്, കൊച്ചുകടവ് കനാല്‍-മുഹിയിദ്ധീന്‍ ജുമാ മസ്ജിദ്- തറേക്കാട്ടില്‍ റോഡ്, കൊടുങ്ങല്ലൂര്‍-നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ നിന്നും മുഹിയിദ്ധീന്‍ ജുമാ മസ്ജിദിലേക്കുള്ള റോഡ്, എരവത്തൂര്‍ മേലാംതുരുത്ത്-തുമ്പരശ്ശേരി റോഡ്, മേലാംതുരുത്ത്-മേലഡൂര്‍ റോഡ് തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലാണ്. കൊച്ചുകടവ് മുളങ്ങത്ത് അബ്ദു റഹ്മാന്‍, ചെറുകാട്ടില്‍ ജബ്ബാര്‍, വലിയവീട്ടില്‍ അബ്ദുള്‍ സലാം, വട്ടത്തുരുത്തില്‍ വിജയന്‍ തുടങ്ങി അനേകം വീടുകളില്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. നിരവധി വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. കൊച്ചുകടവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ വെള്ളം കയറി.

പായ്തുരുത്ത്, ചെമ്പകത്തുരുത്ത്, തിരുത്ത, മുത്തുകുളങ്ങര, ചെത്തിക്കോട് തുടങ്ങിയ തുരുത്തുകളെല്ലാം വെള്ളക്കെട്ടിലാണ്. ഇരുന്നൂറ്റമ്പതോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. കൊഴവക്കാട്-കുന്നത്തുകാട് റോഡ് വെള്ളത്തിനടിയിലായി. കുഴൂര്‍, അന്നമനട, പൊയ്യ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളുെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. ചാലക്കുടി പുഴയോട് ചേര്‍ന്നുള്ള റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. താഴ്ന്ന ഭാഗത്തെ പുരയിടങ്ങള്‍ വെള്ളക്കെട്ടിലാണ്. പുളിക്കക്കടവ് പാലത്തിന്റെ ബീമില്‍ നിന്നും ഒരടി താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചാലക്കുടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് അന്നമനട സൗഹൃദ തീരം സ്റ്റേജ് കെട്ടിടം പകുതി മുങ്ങിയ നിലയിലാണ്. പഴയ പുളിക്കക്കടവ് ഫെറി റോട്ടില്‍ വെള്ളം കയറി.തീരദേശ റോഡ് കാതികുടം വരെ വെള്ളത്തിലാണ്. ഈ പ്രദേശങ്ങളില്‍ വീടുകളില്‍ താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്. കൊരട്ടി റോഡ് - അമ്പലത്തിന്റെ ഭാഗത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. കുഴൂര്‍, അന്നമനട, പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് അഭയം തേടിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല കുടുംബങ്ങളും ഉയര്‍ന്നയിടങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം വിടുമെന്ന അറിയിപ്പു വന്നതോടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ അവശേഷിക്കുന്നവരില്‍ കടുത്ത ആശങ്കയാണ്.



Next Story

RELATED STORIES

Share it