Latest News

ലൈഫ്മിഷന്‍: വയനാട് ജില്ലയില്‍ 12,023 വീടുകള്‍ പൂര്‍ത്തിയാക്കി

ലൈഫ്മിഷന്‍: വയനാട് ജില്ലയില്‍ 12,023 വീടുകള്‍ പൂര്‍ത്തിയാക്കി
X

വയനാട്: ലൈഫ് ഭവന പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ 12,023 വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലൈഫ് ഭവന പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ കോളനികളിലായി 6,445 വീടുകളാണ് ഇതിനകം പൂര്‍ത്തിയായത്. തദ്ദേശീയ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏറെക്കാലമായി വീടുകളില്ലാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകള്‍ പേരിനുള്ളവര്‍ക്കുമെല്ലാം ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ച് പുതിയ വീടുകള്‍ ഒരുക്കുകയായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങി നല്‍കിയും പദ്ധതി വ്യാപിപ്പിച്ചു. പൊതു വിഭാഗത്തില്‍ 4,953 വീടുകളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 6,455 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 615 വീടുകളുമാണ് പൂര്‍ത്തിയായത്. മൂന്ന് ഘട്ടങ്ങളിലായി 13,274 വീടുകളാണ് യാഥാര്‍ത്ഥ്യമാകുന്നത്.

പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച 8,443 വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തില്‍ 3,427 വീടുകളും ലൈഫ് മിഷനിലൂടെ യാഥാര്‍ത്ഥ്യമായി. മൂന്നാം ഘട്ടത്തില്‍ 153 വീടുകളും പൂര്‍ത്തിയായി. ശേഷിക്കുന്ന 267 അപേക്ഷകര്‍ക്കും വീടെന്ന തണല്‍ ഒരുങ്ങുകയാണ്.

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായാണ് പൂതാടിയില്‍ ഭവന സമുച്ചയം ഉയരുന്നത്. ഗ്രാമ പഞ്ചായത്തിലെ 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാര്‍പ്പിട യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 6.62 കോടി രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. ഭവന നിര്‍മാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവൃത്തികള്‍ക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. അങ്കണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, കോമണ്‍ റൂം, സിറ്റ് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഭവനസമുച്ചയത്തില്‍ തയ്യാറാകും. 511.19 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റും രണ്ട് ബെഡ്‌റൂമുകള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുന്നതാണ്.

Next Story

RELATED STORIES

Share it