Latest News

പുള്ളിപ്പുലിയുടെ സാന്നിധ്യം; മൈസൂര്‍ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

പുള്ളിപ്പുലിയുടെ സാന്നിധ്യം; മൈസൂര്‍ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു
X

മൈസൂര്‍: പുള്ളിപ്പുലിയുടെ സാന്നിധ്യത്തെത്തുടര്‍ന്ന് ശ്രീരംഗപട്ടണത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ മൈസൂര്‍ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ കണ്ടെന്ന അഭ്യൂഹങ്ങള്‍ നാട്ടുകാരിലും അധികൃതരിലും പരിഭ്രാന്തി പടര്‍ത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഉദ്യാനം അടച്ചത്. പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യമില്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പുലി ഭീതിയില്‍ ഞായറാഴ്ച മുതല്‍ വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയാണ്.

സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലിയെ പതിവായി കാണാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണെന്ന് സിഎന്‍എന്‍എല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഫാറൂഖ് അഹമ്മദ് അബു ദി ഹിന്ദുവിനോട് പറഞ്ഞു. വനംവകുപ്പ് വൃന്ദാവന്‍ ഗാര്‍ഡനിലും പരിസരത്തുമായി നാല് കൂടുകള്‍ സ്ഥാപിച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു നായയെ പുലി ആക്രമിച്ചെങ്കിലും ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാറൂഖ് അഹമ്മദ് പറഞ്ഞു. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാവുന്നതുവരെ വിനോദസഞ്ചാരികള്‍ക്കായി ഉദ്യാനം അടച്ചിരിക്കുന്നു. അത് എപ്പോള്‍ വീണ്ടും തുറക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നിലധികം പുലികള്‍ വൃന്ദാവന്‍ പരിസരത്ത് ഉണ്ടെന്നാണ് അധികൃതരുടെ സംശയം. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞ പുലിയുടെ ചിത്രങ്ങള്‍ പല ദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെ കണ്ടത്. പിന്നാലെ നവംബര്‍ അഞ്ചു മുതല്‍ ഏഴുവരെ തുടര്‍ച്ചയായും പുലിയുടെ സാന്നിധ്യമുണ്ടായി. കുടുംബസമേതം നിരവധി വിനോദസഞ്ചാരികള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനാല്‍ ഈ നടപടി ഒരു സുരക്ഷാ മുന്‍കരുതലാണ്- അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it