Latest News

ഇടതു സര്‍ക്കാറിന്റെ മദ്യ വിപ്ലവം: 5 വര്‍ഷം കൊണ്ട് മദ്യശാലകള്‍ 30ല്‍ നിന്നും ആയിരത്തിലേക്ക്

മദ്യവര്‍ജ്ജനമാണ് നയമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും സംസ്ഥാനത്ത് സ്‌കൂളുകളുടെയോ, ആശുപത്രികളുടെയോ എണ്ണത്തില്‍ സംഭവിക്കാത്ത അത്രയും വലിയ വര്‍ധനവാണ് മദ്യശാലകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഇടതു സര്‍ക്കാറിന്റെ മദ്യ വിപ്ലവം: 5 വര്‍ഷം കൊണ്ട് മദ്യശാലകള്‍ 30ല്‍ നിന്നും ആയിരത്തിലേക്ക്
X
കോഴിക്കോട്: സംസ്ഥാനത്ത് ഇടുപക്ഷ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ഏറ്റവുമധികം വികസനം നടന്നത് മദ്യവ്യവസായത്തില്‍. തൊട്ടുമുന്‍പുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 30 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ബാറുകളുടെ മാത്രം എണ്ണം 624 ആയി. 319 ബീയര്‍ വൈന്‍ പാര്‍ലറുകള്‍ കൂടി 3 സ്റ്റാറിലേക്ക് ഉയര്‍ത്തുന്നതോടെ ഇവക്കും ബാര്‍ പദവി ലഭിക്കും . ഇതോടെ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം ആയിരത്തോട് അടുക്കും. ഈ സാമ്പത്തിക വര്‍ഷം മാത്രം 17 പുതിയ ബാറുകള്‍ക്കും 9 ക്ലബുകള്‍ക്കുമാണ് മദ്യ വില്‍പ്പനക്ക് ലൈസന്‍സ് നല്‍കിയത്.


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകള്‍ക്കും പൂട്ടു വീണത് പുതിയ മദ്യനയത്തെ തുടര്‍ന്നായിരുന്നു. പഞ്ചനക്ഷത്ര പദവിയെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് എന്നതായിരുന്നു അന്നത്തെ നയം. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 30 ആയി കുറഞ്ഞു. 815 ബാറുകള്‍ ബീയര്‍ വൈന്‍ പാര്‍ലറുകളായി മാറുകയും ചെയ്തു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതു മാറ്റി 3 സ്റ്റാര്‍ പദവിയെങ്കിലുമുള്ള ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനു പുറമെ 3 സ്റ്റാര്‍ പദവി നേടുന്ന മുറയ്ക്ക് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ജില്ലാതലത്തില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു തന്നെ അധികാരവും നല്‍കി. ഇതോടെയാണ് സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.


മദ്യവര്‍ജ്ജനമാണ് നയമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും സംസ്ഥാനത്ത് സ്‌കൂളുകളുടെയോ, ആശുപത്രികളുടെയോ എണ്ണത്തില്‍ സംഭവിക്കാത്ത അത്രയും വലിയ വര്‍ധനവാണ് മദ്യശാലകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് എഴുപതിനായിരം കോടിയോളം രൂപയുടെ മദ്യമാണ് കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലൂടെ മാത്രം വില്‍പ്പന നടത്തിയത്.




Next Story

RELATED STORIES

Share it