ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകനെ രക്ഷപ്പെടുത്താന്‍ ശ്രമം; യുപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ അന്വേഷണം ഇഴയുന്നതും പരസ്പരം ഇടകലര്‍ന്നിരിക്കുന്ന രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കേന്ദ്ര മന്ത്രിയുടെ മകനെ രക്ഷപ്പെടുത്താനാണെന്ന് സുപ്രിംകോടതി. അന്വേഷം നടത്തുന്ന രീതിയിലും സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണത്തിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ഇത്ര ശക്തമായി സുപ്രിംകോടതി തന്നെ രംഗത്തുവരുന്നത് അപൂര്‍വമാണ്.
ഞങ്ങള്‍ രാഷ്ട്രീയഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അന്വേഷണം ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാവട്ടെയെന്നും കോടതി നിര്‍ദേശിച്ചു. ജഡ്ജിയെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്താമെന്ന നിര്‍ദേശം സുപ്രിംകോടതി സ്വീകരിച്ചില്ല.
യുപിയില്‍ ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിലെ അന്വേഷണം പ്രതീക്ഷിച്ചപോലെയല്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി സമര്‍പ്പിച്ച തല്‍സ്ഥിതി റിപോര്‍ട്ടില്‍ പുതുതായി ഒന്നുമില്ല. ഞങ്ങള്‍ പത്ത് ദിവസം നല്‍കി. ഇതുവരെ ലാബ് റിപോര്‍ട്ട് പോലും വന്നില്ല. കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല- ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ഹിയറിങ്ങില്‍ നിര്‍ദേശിച്ചിരുന്നു.
പരസ്പരം ഇടകലര്‍ന്നിരിക്കുന്ന രണ്ട് എഫ്‌ഐആറുകള്‍ കാണുന്നു. അത് പ്രതികളിലൊരാളായ ആഷിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. അന്വേഷണം രണ്ടായി നടത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബര്‍ 3ന് ആകെ എട്ട് പേരാണ് മരിച്ചത്. കര്‍ഷകരുടെ കൊലപാതകത്തിനുശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അതില്‍ മാധ്യമപ്രവര്‍ത്തകനടക്കം നാല് പേര്‍ മരിച്ചു.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ സുപ്രിംകോടതി രണ്ട് റിപോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്ന് കര്‍ഷകരുടെ കൊലപാതവും മറ്റൊന്ന് അതിനുശേഷമുണ്ടായ സംഘര്‍ഷവും.
ഒക്ടോബര്‍ 11ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയെ പോലിസ് ഈ കേസില്‍ അറസ്റ്റ് ചെയ്തു, അതും കേസിന്റെ പുരോഗതിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ച ശേഷം.
പ്രഥമ ദൃഷ്ട്യാ കേസില്‍ ഒരു പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നു- പരസ്പരം ഇടകലര്‍ന്നിരിക്കുന്ന എഫ്‌ഐആര്‍ അതിനുവേണ്ടിയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് സംശയം പ്രകടിപ്പിച്ചു. രണ്ട് എഫ്‌ഐആറുകള്‍ വേറെ വേറെ അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ആദ്യം കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. സാക്ഷിയായി ചേര്‍ത്തിരിക്കുന്നവരില്‍ മിക്കവരുടെയും മൊഴികള്‍ പ്രതിക്ക് അനുകൂലമാണ്- ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. രണ്ട് എഫ്‌ഐആറുകളുണ്ട്. ഒന്നില്‍ ലഭിച്ച തെളിവുകള്‍ മറ്റൊന്നില്‍ ഉപയോഗിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സാക്ഷികള്‍ മൊഴി നല്‍കുമ്പോള്‍ ആദ്യ സംഭവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി വേഗത്തില്‍ രണ്ടാമത്തേതിലേക്ക് എത്തുന്നുവെന്നും അതുകൊണ്ടാണ് എഫ്‌ഐആറുകള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നതെന്നും യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരിഷ് സാല്‍വെ പറഞ്ഞു. മറ്റൊന്ന് മാധ്യമപ്രവര്‍ത്തകന്‍ രമന്‍ കശ്യപിന്റെ മരണമാണ്. രമന്‍ കശ്യപ് ആര്‍ക്കൊപ്പമായിരുന്നെന്ന് ഇനിയും വ്യക്തമല്ല- സാല്‍വെ വ്യക്തമാക്കി.
തെളിവുകള്‍ പ്രത്യേകം പ്രത്യേകം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിരമിച്ച ജഡ്ജി വേണ്ടെന്നും തങ്ങള്‍ത്തന്നെ തിരഞ്ഞെടുത്തേക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
4000-5000 പേര്‍ പങ്കെടുത്ത ഒരു സംഭവത്തില്‍ 23 സാക്ഷികളെ മാത്രം കണ്ടെത്തിയ സര്‍ക്കാര്‍ നടപടിയിലും സുപ്രിംകോടതി സംശയം പ്രകടിപ്പിച്ചു.
RELATED STORIES
കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMT