Latest News

തൊഴില്‍ ചൂഷണവും മനുഷ്യാവകാശ ലംഘനവും; കിറ്റെക്‌സ് കമ്പനിക്കെതിരേ തൊഴില്‍വകുപ്പിന്റെ നോട്ടീസ്

20 വര്‍ഷത്തിലേറെയായി തൊഴിലെടുക്കുന്നവര്‍ക്ക് 9000-12000 രൂപമാത്രമാണ് കൂലിയെന്ന് തൊഴിലാളികള്‍ മൊഴിനല്‍കി

തൊഴില്‍ ചൂഷണവും മനുഷ്യാവകാശ ലംഘനവും; കിറ്റെക്‌സ് കമ്പനിക്കെതിരേ തൊഴില്‍വകുപ്പിന്റെ നോട്ടീസ്
X

കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനി തൊഴിലാളികളോട് കാണിക്കുന്നത് മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. മിനിമം കൂലി പോലും നല്‍കാതെ തൊഴിലാളികളെ വര്‍ഷങ്ങളായി പണിയെടുപ്പിക്കുന്നതും ശോചനീയമായ അവസ്ഥയില്‍ താമസിപ്പിക്കുന്നതുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ക്ക് തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കി


തൊഴിലാളികളില്‍ 80 ശതമാനംപേര്‍ക്കും മിനിമം കൂലി നല്‍കുന്നില്ലെന്ന് തൊഴില്‍വകുപ്പ് പരിശോധനയില്‍ വ്യക്തമായി. ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ ലേബര്‍ ക്യാംപിലെത്തിയ ഉദ്യോഗസ്ഥര്‍ നാനൂറോളം തൊഴിലാളികളില്‍നിന്ന് മൊഴിയെടുത്തു. 20 വര്‍ഷത്തിലേറെയായി തൊഴിലെടുക്കുന്നവര്‍ക്ക് 9000-12000 രൂപമാത്രമാണ് കൂലിയെന്ന് തൊഴിലാളികള്‍ മൊഴിനല്‍കി. തൊഴിലാളികളുടെ ഹാജര്‍ ബുക്ക് കമ്പനിയില്‍ സൂക്ഷിക്കുന്നില്ല.


എണ്ണായിരത്തിലേറെവരുന്ന ഈ തൊഴിലാളികള്‍ക്ക് ആറുമാസത്തെ മിനിമം കൂലി കണക്കാക്കിയാല്‍ മൂന്നുകോടിയോളം രൂപ കമ്പനി കുടിശ്ശിക വരുത്തിയിട്ടുള്ളതായും തൊഴില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. കുടിശ്ശിക തീര്‍ത്ത് എല്ലാ തൊഴിലാളികള്‍ക്കും അടിയന്തരമായി മിനിമം കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനിക്ക് നോട്ടീസ് നല്‍കിയതായും തൊഴില്‍വകുപ്പ് അറിയിച്ചു.


കഴിഞ്ഞ മാസം തൊഴില്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് കമ്പനിയിലും സമീപത്തെ ലേബര്‍ ക്യംപിലും പരിശോധന നടത്തിയപ്പോള്‍ മനഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.


ലേബര്‍ ക്യാംപില്‍ 200 ചതുരശ്ര അടിമാത്രം വിസ്തീര്‍ണമുള്ള മുറിയില്‍ പത്തിലേറെപ്പേരാണ് കഴിയുന്നത്. ഷെഡുകളുടെ മേല്‍ക്കൂരയിലെ ഇരുമ്പുഷീറ്റ് പലതും പൊളിഞ്ഞുവീണ അവസ്ഥയിലായിരുന്നു. ഷീറ്റുകള്‍ക്കുമുകളില്‍ കല്ലുകള്‍ എടുത്തുവച്ച നിലയിലായിരുന്നു. വെറും നിലത്ത് ഷീറ്റും പായയും വിരിച്ചാണ് തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. തറയില്‍ സിമന്റ് തേച്ചിട്ടില്ല. വൃത്തിഹീനമായ ഷെഡുകളില്‍ യ്യായിരത്തിലേറെ തൊഴിലാളികളെയാണ് താമസിപ്പിച്ചിരുന്നത്. ശുചിമുറിസൗകര്യവും ആവശ്യത്തിന് ഏര്‍പ്പെടുത്തിയിരുന്നില്ല. പരിമിതമായ സൗകര്യങ്ങളോടുകൂടിയ പൊതുശുചിമുറികള്‍ അത്യന്തം വൃത്തിഹീനമാണെന്നും ജില്ലാ ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ കിറ്റക്‌സ് കമ്പനിയിലെ തൊഴില്‍ ചൂഷണവും പുറത്തുവന്നത്.




Next Story

RELATED STORIES

Share it