Latest News

കാര്‍ഷിക സംസ്‌കൃതിയുടെ സ്വയംപര്യാപ്തതയില്‍ നാടെങ്ങും വിളവെടുപ്പ് ഉത്സവം; വിഷു വിപണി കീഴടക്കി കുടുംബശ്രീ

കാര്‍ഷിക സംസ്‌കൃതിയുടെ സ്വയംപര്യാപ്തതയില്‍ നാടെങ്ങും വിളവെടുപ്പ് ഉത്സവം; വിഷു വിപണി കീഴടക്കി കുടുംബശ്രീ
X

തൃശൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിഷു വിപണി മുന്‍നിര്‍ത്തി നടത്തിയ വേനല്‍കാല പച്ചക്കറി കൃഷികള്‍ വിളവെടുത്തു. വിഷരഹിത പച്ചക്കറികളില്‍ വിഷുക്കണിയൊരുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മണ്ണില്‍ പൊന്ന് വിളയുകയാണ്. കണിവെള്ളരിയും തണ്ണിമത്തനും നാടന്‍ പച്ചക്കറികളുമെല്ലാം കൃഷി ചെയ്ത് വിഷു ചന്തകളിലൂടെ വിപണനം നടത്തുകയാണ് കുടുംബശ്രീ.

'വേനല്‍ മധുരം' പദ്ധതിയില്‍ 68.75 ഏക്കര്‍ വിസ്തൃതിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4,01,234 കിലോഗ്രാം തണ്ണിമത്തനാണ് കൃഷി ചെയ്തത്. 66 സി ഡി എസുകളിലായി 90 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലൂടെ 383 അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ മധുര നേട്ടത്തിന് പുറകില്‍. 583 ഏക്കറില്‍ പച്ചക്കറി കൃഷി ഒരുക്കി 1,549 ടണ്‍ പച്ചക്കറി ഉത്പ്പാദിപ്പിച്ചു. ജില്ലയിലുടനീളം 1,378 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകള്‍ കൃഷിയില്‍ സജീവമായി പ്രവര്‍ത്തിച്ചു. വിഷു കാലത്ത് പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിലസ്ഥിരത നിലനിര്‍ത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. വിഷു കണി ഒരുക്കുന്നതിനായി 62.65 ഏക്കറില്‍ കണിവെള്ളരി കൃഷിയിറക്കി 3,82,165 കിലോ വിളവെടുത്തു. 78 സി ഡി എസുകളിലായി 671 കുടുംബശ്രീ അംഗങ്ങള്‍ കൃഷിയില്‍ പങ്കാളികളായി.

കടുത്ത വേനല്‍ച്ചൂടിനെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് വിജയകരമായി നടപ്പാക്കിയ പദ്ധതിയില്‍ കണിവെള്ളരി കൂടാതെ തണ്ണിമത്തന്‍, മത്തന്‍, കുമ്പളം, വെള്ളരി, ഷമാം, വിവിധയിനം പച്ചക്കറികള്‍ എന്നിവയും സമൃദ്ധമായി വിളഞ്ഞു. വിഷരഹിതവും പുതുമയുള്ളതുമായ പച്ചക്കറികള്‍ ആളുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ച സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍. പരമ്പരാഗതവും ശാസ്ത്രീയവുമായ കൃഷിരീതിയും കൂട്ടായ പരിശ്രമവും സമയബന്ധിതമായ കൃഷിപരിപാലനവുമാണ് വിഷു വിപണി മുന്‍നിര്‍ത്തിയുള്ള വേനല്‍ക്കാല കാര്‍ഷിക വിപ്ലവം കുടുംബശ്രീ സാധ്യമാക്കിയത്.

Next Story

RELATED STORIES

Share it