Latest News

ദൈവങ്ങളിലും രാജാക്കന്മാരിലുമായി ഒതുങ്ങിനിന്ന സിനിമയെ മനുഷ്യകേന്ദ്രീകൃതമാക്കി; കെഎസ് സേതുമാധവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒരാളാണ് കെ എസ് സേതുമാധവനെന്ന് മന്ത്രി വി ശിവന്‍കുട്ടി

ദൈവങ്ങളിലും രാജാക്കന്മാരിലുമായി ഒതുങ്ങിനിന്ന സിനിമയെ മനുഷ്യകേന്ദ്രീകൃതമാക്കി; കെഎസ് സേതുമാധവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ എസ് സേതുമാധവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവന്‍. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവന്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

ശ്രദ്ധേയമായ സാഹിത്യകൃതികള്‍ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകള്‍ക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചു.

ഏറെക്കാലം ചെന്നൈയിലായിരുന്നുവെങ്കിലും മലയാളത്തിന്റെ സാംസ്‌കാരിക രംഗത്തെയും കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെയും ഏറെ ശ്രദ്ധിച്ചു പോന്നിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ യുടെ ഒരുസംവിധാന കാലഘട്ടത്തിന്റെ തലക്കെട്ടായി പല പതിറ്റാണ്ടുകള്‍ നിന്ന് ശ്രദ്ധേയനായ സംവിധായകനാണ് സേതുമാധവന്‍. ചലച്ചിത്ര രംഗത്തിന് മാത്രമല്ല പൊതുസാംസ്‌കാരിക രംഗത്തിനാകെ കനത്ത നഷ്ടമാണ് കെ എസ് സേതുമാധവന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ് ബുക് കുറിപ്പ്

റിക്ഷാ വണ്ടി വലിക്കുന്ന 'പപ്പു' എന്ന കഥാപാത്രം സത്യന്‍ മാഷിലൂടെ ' ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ കണ്ണ് നിറയിച്ചപ്പോള്‍ കെ എസ് സേതുമാധവന്‍ എന്ന പേര് എനിക്ക് സ്‌ക്രീനിലൂടെ മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നീട് എത്രയെത്ര സിനിമകളിലൂടെ അദ്ദേഹം ഞാനടക്കമുള്ളവരെ തീയ്യേറ്ററില്‍ പിടിച്ചിരുത്തി. കമല്‍ ഹാസനെ പോലുള്ളവരെ ബാലതാരമായി അദ്ദേഹം മലയാളത്തില്‍ അവതരിപ്പിച്ചു.

മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒരാളാണ് കെ എസ് സേതുമാധവന്‍. നിരവധി ജീവിതഗന്ധിയായ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം നിരവധി പുരസ്‌കാരങ്ങളും നേടി. സംവിധായക കുലപതിക്ക് വിട.

Next Story

RELATED STORIES

Share it