Latest News

കോഴിക്കോട്ടെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയിലില്ല; കോടതിയെ സമീപിക്കാന്‍ നീക്കം

പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്

കോഴിക്കോട്ടെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയിലില്ല; കോടതിയെ സമീപിക്കാന്‍ നീക്കം
X

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന് വോട്ടില്ല. പുതുക്കിയ വോട്ടര്‍ പട്ടികയിലാണ് സംവിധായകന്‍ കൂടിയായ വി എം വിനുവിന്റെ പേരില്ലാത്തത്. മലാപറമ്പ് വാര്‍ഡിലെ വോട്ടറായ വിനുവിന്റെ വീട്ടിലെ ആരുടെ പേരും വോട്ടേഴ്സ് ലിസ്റ്റില്ല. കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ടു തേടി പ്രചാരണം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാല്‍ ഇതിനു തിരിച്ചടിയാകുന്നതാണ് വിനുവിന് വോട്ടില്ലെന്ന വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിനു വോട്ടു ചെയ്തിരുന്നു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേരു നീക്കിയതെങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു.

വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. വി എം വിനു കോഴിക്കോട് നഗരത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്. അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെയില്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തയാളാണ് വി എം വിനു. വിനുവിന് വോട്ടര്‍ ഐഡിയുണ്ട്. എന്നാല്‍ വോട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണ്. മറ്റു സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ടു ചോരിയാണ് കേരളത്തില്‍ നടക്കുന്നത്. ഇന്നു തന്നെ കളക്ടറെ കാണും. നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കും. സിപിഐഎമ്മിനു ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. വി എം വിനുവിനെ കല്ലായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക സര്‍പ്പിക്കുന്നതിനായി ക്രമനമ്പര്‍ നോക്കിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുമ്പ് വോട്ടു ചെയ്ത വിനുവിന്റെ വോട്ടെങ്ങനെ പോയി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കുന്നത്.

ഇതിനിടെ വി എം വിനു ഡിസിസിയിലെത്തി. 45 വര്‍ഷമായി വോട്ടു ചെയ്യുന്നയാളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോയെന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുതെന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മല്‍സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്കു വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ വാര്‍ഡില്‍ മാത്രമല്ല മുഴുവന്‍ വാര്‍ഡുകളിലും താന്‍ പ്രചാരണത്തിനിറങ്ങുമെന്നും വി എം വിനു പ്രതികരിച്ചു.

Next Story

RELATED STORIES

Share it