Latest News

മല്‍സ്യക്കച്ചവടക്കാരെ പോലിസ് ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യുന്നുവെന്ന് കെ കെ രമ എംഎല്‍എ

മല്‍സ്യക്കച്ചവടക്കാരെ പോലിസ് ഭീകരവാദികളെപ്പോലെ കൈകാര്യം ചെയ്യുന്നുവെന്ന് കെ കെ രമ എംഎല്‍എ
X

തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എല്ലു മുറിയെ പണിയെടുക്കുന്ന മല്‍സ്യക്കച്ചവടക്കാരെ പോലിസ് ഭീകരവാദികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കെ കെ രമ എംഎല്‍എ. കൊവിഡ് ദുരിതത്തില്‍ ജനം വലയുമ്പോഴും പോലിസും ചില അധികാരികളും സാധാരണക്കാരെ ഭീകരവാദികളെപോലെയാണ് കാണുന്നത്. കൊല്ലത്തും, ആറ്റിങ്ങലിലുമെല്ലാം ഒരു നേരത്തെ ആഹാരത്തിനായി മത്സ്യ കച്ചവടം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളോട് പോലിസും നഗരസഭാ അധികൃതരും കാണിച്ചത് പൊറുക്കാനാകാത്ത ക്രൂരതയാണെന്നും രമ പറഞ്ഞു.

മത്സ്യതൊഴിലാളികള്‍ക്കു നേരെയുള്ള ഭരണകൂട വേട്ടക്കെതിരെ തീരദേശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍. പിന്നീട് ഫേസ്ബുക്കിലും അവര്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നു. മനഃസാക്ഷിയില്ലാത്ത ക്രൂരതകളെ ന്യായീകരിക്കുന്നതിനെതിരേയും രമ രംഗത്തുവന്നു.

''കൊല്ലത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മനഃസാക്ഷിയില്ലാത്ത ക്രൂരതകളെ മുഖ്യമന്ത്രിതന്നെ ന്യായീകരിക്കുന്നത് പോലിസിന് വീണ്ടും അമിതാധികാര പ്രയോഗം നടത്താന്‍ പ്രചോദനമാവുകയാണ്.

ആറ്റിങ്ങലില്‍ നഗരസഭാ അധികൃതര്‍ കാണിച്ച മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരെ ഇന്ന് സഭയിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ ഒന്ന് അപലപിക്കാനോ പോലുമുള്ള ജനാധിപത്യ മര്യാദ ഒരു മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല''- അവര്‍ ഫേസ് ബുക്കില്‍ എഴുതി.

കൊവിഡില്‍ എല്ലാം തകര്‍ന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഭരണകൂടവും പോലിസും നടത്തുന്നത്. ഇത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍തന്നെ ഇത്തരം ദ്രോഹ പ്രവര്‍ത്തനം നടത്തുന്നത് നോക്കിയിരിക്കാവുന്നതല്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it