Latest News

'കേരളത്തിന്റെ സമാധാനം ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളികള്‍ക്ക് തീറുകൊടുക്കാനുള്ളതല്ല'-തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ കെകെ രമ

തിരുവഞ്ചൂരിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണ്

കേരളത്തിന്റെ സമാധാനം ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളികള്‍ക്ക് തീറുകൊടുക്കാനുള്ളതല്ല-തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ കെകെ രമ
X

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് നേരെയുയര്‍ന്നിരിക്കുന്ന വധഭീഷണി ഗൗരവതരമാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. കേരളത്തിന്റെ സ്വച്ഛതയേയും സമാധാനത്തേയും ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളിക്കൂട്ടങ്ങള്‍ക്ക് തീറുകൊടുക്കാനുള്ളല്ല. വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തുക തന്നെ വേണമെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

തിരുവഞ്ചൂരിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണ്. ഈ ക്രിമിനല്‍ സംഘങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വവും മൃദുസമീപനവും ഉപേക്ഷിച്ച് ഇനിയെങ്കിലും ശക്തമായ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും കടന്നേതീരൂ എന്നും കെകെ രമ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളത്തിന്റെ മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് നേരെയുയര്‍ന്നിരിക്കുന്ന വധഭീഷണി തീര്‍ച്ചയായും ഗൗരവതരമാണ്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് നിയമനടപടികള്‍ക്ക് വിധേയരായ ക്രിമിനല്‍ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്.

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവര്‍ ഈ വധഭീഷണിയുടെ അന്വേഷണപരിധിയില്‍ നിര്‍ബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് കുറ്റവാളികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴിയും, പരോളിലിറങ്ങി നേരിട്ടും ക്രിമിനല്‍ ക്വട്ടേഷനുകള്‍ നിര്‍ബാധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവന്നുകൊണ്ടിരിക്കെ തീര്‍ച്ചയായും തിരുവഞ്ചൂരിനെതിരെ ഉയര്‍ന്നിരിക്കുന്ന ഈ വധഭീഷണി കേവലമൊരു ഊമക്കത്തെന്ന നിലയില്‍ നിസ്സാരമായി അവഗണിക്കാവുന്നതല്ല.

സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും തണലില്‍ തഴച്ചുവളര്‍ന്ന ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തെ ഭീതിയിലാഴ്ത്തി നാടുവാഴുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. തിരുവഞ്ചൂരിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണ്.

ഈ ക്രിമിനല്‍ സംഘങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വവും മൃദുസമീപനവും ഉപേക്ഷിച്ച് ഇനിയെങ്കിലും ശക്തമായ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും കടന്നേതീരൂ.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ നിഷ്പക്ഷവും കാര്യക്ഷമമായ അന്വേഷണം നടത്തുക തന്നെ വേണം. കേരളത്തിന്റെ സ്വച്ഛതയേയും സമാധാനത്തേയും തീര്‍ച്ചയായും ഭരണക്കാരുടെ ഇഷ്ടക്കാരായ കൊടുംകുറ്റവാളിക്കൂട്ടങ്ങള്‍ക്ക് തീറുകൊടുക്കാനുള്ളതല്ല.

Next Story

RELATED STORIES

Share it