Latest News

കിഫ്ബി പെന്‍ഷന്‍ വായ്പകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ല; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി

കിഫ്ബി പെന്‍ഷന്‍ വായ്പകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിട്ടില്ല; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: കിഫ്ബി പെന്‍ഷന്‍ വായ്കള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായപ്രകടനം താന്‍ നടത്തിയെന്ന രീതിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടു ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു വെബിനാറില്‍ കിഫ്ബി, കെ.എസ്.എസ്.പി.എല്‍ പോലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ മുഖേനയുള്ള വായ്പകളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണത്തിനു സാധ്യതയുണ്ടെന്ന തന്റെ വിലയിരുത്തലുമായി ബന്ധപ്പെടുത്തിയാണു തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള ഏജന്‍സികള്‍ മുന്‍കാലങ്ങളില്‍ ബജറ്റിനു പുറത്തുനിന്നെടുത്ത വായ്പകള്‍ക്കു ബജറ്റ് വിഹിതം അനുവദിക്കാന്‍ തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിന്റെ കാര്യത്തിലും ഭാവിയിലുണ്ടായേക്കാവുന്ന ഒരു സാധ്യത ചൂണ്ടിക്കാണിക്കുകമാത്രമാണു വെബിനാറില്‍ ചെയ്തത്. ഈ നീക്കം മുന്‍നിര്‍ത്തി യാദൃശ്ചിക ബാധ്യതകളുടേയും നേരിട്ടുള്ള ബാധ്യതകളുടേയും കാര്യത്തില്‍ കൂടുതല്‍ വ്യക്തതയോടെ മുന്നോട്ടുപോകണമെന്നാണു പറഞ്ഞത്. വായ്പാ കണക്കുകളിലെ സുതാര്യത മുന്‍നിര്‍ത്തി യഥാര്‍ഥ ബാധ്യതകളും ആകസ്മിക ബാധ്യതകളും ഭാവിയില്‍ ബജറ്റ് രേഖകളില്‍ പ്രതിഫലിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് ഉദ്ദേശിച്ചത്.

കിഫ്ബി പോലെയുള്ളവയുടെ വായ്പകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ സുരക്ഷിതമായ ഈ വായ്പകള്‍ ആകസ്മിക ബാധ്യതകളല്ലാതെ മറ്റെന്തെങ്കിലുമാണെന്നു പ്രസംഗത്തില്‍ ഒരിടത്തും പറയുന്നില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള വ്യക്തതക്കുറവുകൊണ്ടോ വിവര്‍ത്തനത്തിലെ പിഴവുകൊണ്ടോ ആണ് തെറ്റിദ്ധാരണയുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it