Latest News

റാപ്പര്‍ വേടന്റെ അറസ്റ്റ് 25 വരെ തടഞ്ഞു

റാപ്പര്‍ വേടന്റെ അറസ്റ്റ് 25 വരെ തടഞ്ഞു
X

കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ആഗസ്റ്റ് 25 വരെ ഹൈക്കോടതി തടഞ്ഞു. ഇന്നലെ അറസ്റ്റ് തടഞ്ഞ് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നീട്ടിയത്.

ലൈംഗികബന്ധത്തിനിടയില്‍ വേടന്‍ വേദനിപ്പിച്ചുവെന്ന് 2021ല്‍ ചില യുവതികള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്നും തന്റെ ഭാഗത്തുനിന്ന് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും വേടന്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റുമായാണ് നിലവിലെ കേസിലെ പരാതിക്കാരി കോടതിയില്‍ എത്തിയിരിക്കുന്നത്. വേടന്റെ പീഡനസ്വഭാവമാണ് ഇത് കാണിക്കുന്നതെന്ന് പരാതിക്കാരി വാദിക്കുന്നു. എന്നാല്‍, ഈ സംഭവങ്ങള്‍ പീഡനമല്ലെന്നും അവയ്ക്ക് നിലവിലെ കേസുമായി ബന്ധമില്ലെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്.

വേടൻ‍ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നും ബന്ധത്തിൽനിന്ന് പിന്മാറിയപ്പോൾ വിഷാദരോഗത്തിന് അടിപ്പെട്ടു എന്നുമായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകയുടെ പ്രധാന വാദം. എന്നാൽ വിവാഹ വാഗ്ദാനം നൽകി എന്നതിന്റെ പേരിൽ മാത്രം ക്രിമിനൽ നിയമം ബാധകമാകണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ, പരാതിക്കാരിയുടെ വിഷാദരോഗം സംബന്ധിച്ചും വാദങ്ങൾ ഉയർന്നു. എന്നാൽ ബന്ധം തകർന്നതും വിഷാദരോഗത്തിന് കാരണമാകാം എന്നല്ലാതെ, അതു മാത്രമാകണം കാരണം എന്നില്ലെന്നും വ്യക്തികൾക്കനുസരിച്ച് ഇക്കാര്യം വ്യത്യാസപ്പെട്ടിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചപ്പോൾ പോലും വേടൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു, വേടനെതിരെ മറ്റു പലരും പരാതിപ്പെട്ടിട്ടുണ്ട് തുടങ്ങിയ വാദങ്ങളും പരാതിക്കാരിയുടെ അഭിഭാഷക ഉന്നയിച്ചു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ എങ്ങനെയാണ് നീതിന്യായ കോടതികൾ തെളിവായി എടുക്കുക എന്നു ചോദിച്ച കോടതി, പരാതിയിൽ വസ്തുതകളും തെളിവുകളും ഹാജരാക്കാനുണ്ടോ എന്ന് പരാതിക്കാരിയോട് ആരാഞ്ഞു. തുടർന്ന് പരാതിക്കാരി ബുധനാഴ്ച വരെ സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ച വരെയേ സമയം നല്‍കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it