Latest News

ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന്: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക സര്‍ക്കാര്‍

ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന്: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക സര്‍ക്കാര്‍
X

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഹിജാബ് നിരോധന വിവാദത്തില്‍ സ്‌കൂളുകളുടെ പക്ഷം ചേര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ക്ലാസ് മുറിയില്‍ ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളിലുള്ള ലംഘത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കര്‍ണാടക വിദ്യാഭ്യാസ നിയമം, 1983ലെ വകുപ്പുകള്‍ അനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.

'കോളജ്, സ്‌കൂള്‍ ഡെവലപ്‌മെന്റ് കമ്മിറ്റി തീരുമാനിച്ച വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാവൂ. കര്‍ണാടക വിദ്യാഭ്യാസ നിയമം, 1983 അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും യൂനിഫോം നിര്‍ബന്ധമായും ധരിക്കണം. സ്വകാര്യ സ്‌കൂളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത യൂനിഫോം ധരിക്കാന്‍ ആവശ്യപ്പെടാം'- ഉത്തരവില്‍ പറയുന്നു. അതേസമയം തിരഞ്ഞെടുക്കുന്ന വസ്ത്രം സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവ ഹനിക്കുന്നതാവരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരം തീരുമാനങ്ങളെടുക്കാന്‍ വിദ്യാഭ്യാസ നിയമം സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നും തങ്ങള്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കാനും അധികാരമുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിജാബ് നിരോധനത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പ്പര്യമാണ് ഇത്തരം വിഷയങ്ങളില്‍ പരിഗണിക്കേണ്ടതെന്ന ആശാ രഞ്ജനും ബീഹാര്‍ സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രിംകോടതി നിരീക്ഷണവും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകളില്‍ വരുന്ന മുസ് ലിം വിദ്യാര്‍ത്ഥികള്‍ തലമറയ്ക്കരുതെന്നാണ് ഉഡുപ്പി കുന്ദപുര സ്‌കൂളിലെ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത്. അതിനെതിരേ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു. പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവിഷാളുമായി രംഗത്തുവന്നു. ആ വിഷയത്തിലാണ് സ്‌കൂളുകളുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it