Latest News

ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിണറായി വിജയനും

ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിണറായി വിജയനും
X

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്.

ബുള്‍ഡോസര്‍ രാജ് വിവാദത്തില്‍ കര്‍ണാടക സര്‍ക്കാരിനെ പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമര്‍ശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഒരു വേദിയില്‍ ഒന്നിച്ചെത്തിയത്. മനുഷ്യന്‍ മനുഷ്യനെത്തന്നെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരുന്ന വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ബ്രാഹ്‌മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തയുടെ ആയുധം ഉയര്‍ന്നത്. ഗുരുവിന്റെ സന്ദേശങ്ങളുടെ സാരസര്‍വസ്വവും ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ പുരോഗമന ശക്തികള്‍ പ്രവര്‍ത്തിച്ചു പോരുന്നതെന്നും മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ഐക്യ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാര്‍ 1957 ല്‍ തന്നെ സ്വീകരിച്ച ആദ്യ രണ്ടു നിയമനടപടികള്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു. ജാതിവിവേചനങ്ങളുടെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കുകയും, പ്രവേശനം ലഭിച്ചവര്‍ക്കുപോലും ഫീസ് നല്‍കി പഠിക്കാന്‍ കഴിയാതെവരികയും ചെയ്തിരുന്ന ഘട്ടത്തിലാണ് 57 ലെ സര്‍ക്കാര്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയത്. ഇതിനുശേഷം 1967 ല്‍ ഇഎംഎസ് സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഈ രണ്ടു നിയമ നടപടികളിലൂടെയുമാണ്, പില്‍ക്കാലത്ത് രാജ്യാന്തര പ്രശസ്തമായി മാറിയ 'കേരളാ മോഡല്‍' വികസിച്ചുവന്നത്. ഗുരുവിന്റെ പാതയിലൂടെ തന്നെയാണ് ഇപ്പോഴത്തെ കേരള സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശം കര്‍ണാടകയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വഅദ്ദേഹം പറഞ്ഞു. ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഗുരുദേവന്‍ നടത്തിയ പോരാട്ടങ്ങള്‍ ഇന്നും പ്രസക്തമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍, കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ വേദിയില്‍ തുടരാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് സിദ്ധരാമയ്യക്ക് ഹസ്തദാനം നല്‍കി മടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it