Latest News

ട്വീറ്റിലൂടെ ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചുവെന്ന്; ഹിജാബ് നിരോധനത്തിനെതിരേയുള്ള ദലിത് പ്രതിഷേധത്തിന്റെ ഭാഗമായ കന്നഡ നടന്‍ അറസ്റ്റില്‍

ട്വീറ്റിലൂടെ ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചുവെന്ന്; ഹിജാബ് നിരോധനത്തിനെതിരേയുള്ള ദലിത് പ്രതിഷേധത്തിന്റെ ഭാഗമായ കന്നഡ നടന്‍ അറസ്റ്റില്‍
X

ബെംഗളൂരു; ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിയെക്കുറിച്ച് ട്വീറ്റ് ചെയ്ത കന്നഡ സിനിമാ താരം ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിനെതിരേ ഐപിസി 505(2), 504 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. 'ആരെങ്കിലും മനപ്പൂര്‍വം അപമാനിക്കുകയോ അതുവഴി ഏതെങ്കിലും വ്യക്തിയെ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന കേസുകളിലാണ് 504 ചാര്‍ജ് ചെയ്യുക പതിവ്. ചേതന്റെ കാര്യത്തില്‍ പോലിസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

''കന്നഡ സിനിമാ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയെ ബെംഗളൂരു സിറ്റി പോലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഐപിസി 505(2), 504 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വീറ്റിന്റെ പേരില്‍ ശേഷാദ്രിപുരം പോലിസാണ് കേസെടുത്തിട്ടുള്ളത്''- ഡപ്യൂട്ടി കമ്മീഷണര്‍ എം എന്‍ അനുചേത് പറഞ്ഞു.

ഹിജാബ് നിരോധനത്തിനെതിരേ ദലിത് സംഘടനകള്‍ നടത്തിയ ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ചേതനെ അറസ്റ്റ് ചെയ്തതെന്നത് ശ്രദ്ധേയമാണ്.



ബലാത്സംഗക്കേസില്‍ ഒരു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെക്കുറിച്ചുള്ള തന്റെ പഴയ ട്വീറ്റുകളിലൊന്ന് ഫെബ്രുവരി 16ന് ഹിജാബ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചേതന്‍ കുമാര്‍ റിട്വീറ്റ് ചെയ്തിരുന്നു. 2020 ജൂണ്‍ 27നായിരുന്നു ആദ്യ ട്വീറ്റ്. ആ കേസില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് കൃഷ്ണയാണ് ഹിജാബ് കേസ് പരിഗണിക്കുന്നതെന്നായിരുന്നു അല്‍പ്പം പരിഹാസ രൂപത്തില്‍ റിട്വീറ്റില്‍ പറഞ്ഞിരുന്നത്.

'ഈ ആഴ്ച കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ബലാത്സംഗക്കേസ് പ്രതി രാകേഷ് ബിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 'ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് യോജിച്ചതല്ല; സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ അങ്ങനെയല്ല പ്രതികരിക്കുന്നത്.' എന്ന ഉത്തരവിലെ പരാമര്‍ശങ്ങളോടെ ജുഡീഷ്യറിയുടെ സ്ത്രീവിരുദ്ധതയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിലൂടെ പുറത്തുവരുന്നതെന്നായിരുന്നു ചേതന്റെ ആദ്യ ട്വീറ്റില്‍ പറഞ്ഞിരുന്നത്. അതേ ട്വീറ്റാണ് ഹിജാബ് വിഷയത്തില്‍ ചെറിയ കുറിപ്പോടെ റീട്വീറ്റ് ചെയ്തത്.

ജസ്റ്റിസ് കൃഷ്ണ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it