Latest News

മക്കളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് യാഥാര്‍ഥ്യം; കെ സുധാകരന്‍ വിവാദം അവസാനിപ്പിക്കണമെന്നും എകെ ബാലന്‍

ജനതാ പാര്‍ടി വഴി പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്ന സുധാകരന്‍ ഇപ്പോള്‍ പറയുന്നതെല്ലാം പച്ചനുണയാണ്

മക്കളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് യാഥാര്‍ഥ്യം; കെ സുധാകരന്‍ വിവാദം അവസാനിപ്പിക്കണമെന്നും എകെ ബാലന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ അന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിയുമായിരുന്ന എ കെ ബാലന്‍. ഇന്ന് കണ്ടത് കെ സുധാകരന്റെ ഏറ്റവും വികൃത രൂപമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന് പദ്ധതിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് തന്നോട് പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

'പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമാണ്. ആരാണ് അന്ന് പിണറായി വിജയനോട് പറഞ്ഞത് എന്നതൊക്കെ ഇപ്പോ പറയുന്നില്ല. എന്റെ മുന്നില്‍ ആരും ഒന്നുമല്ല. ഏറ്റവും വലിയ ധൈര്യശാലി താനാണ്. ഇത് കോണ്‍ഗ്രസുകാരെ ആവേശം കൊള്ളിക്കാനാണെങ്കില്‍ കൊള്ളാം. പക്ഷേ അതൊന്നും ഇങ്ങോട്ട് വേണ്ട. സുധാകരന്റെ ബിജെപി ബന്ധത്തിന് രാഷ്ട്രീയമായ മറുപടിയില്ലാത്തത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്കെതിരേ ഉണ്ടായത് സ്വഭാവ ഹത്യയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഈ വിവാദം സുധാകരന്‍ ഇപ്പോള്‍ ഉയര്‍ത്തരുതായിരുന്നു. സുധാകരന്‍ ഇത് അവസാനിപ്പിക്കണം'-എകെ ബാലന്‍ പറഞ്ഞു.

'വിദ്യാഭ്യാസമന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ്‌കോയ ബ്രണ്ണന്‍ കോളജില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാന്‍ ശ്രമിച്ച പാരമ്പര്യമാണ് കെ സുധാകരന്റേത്. അന്ന് സിഎച്ചിന് പിന്തുണയുമായി ചടങ്ങ് നടത്താന്‍ മുന്നില്‍നിന്നവരാണ് ഞങ്ങള്‍. ബ്രണ്ണന്‍ കോളജില്‍ ഞാന്‍ കെഎസ്എഫിന്റെയും സുധാകരന്‍ കെഎസ്‌യുവിന്റെയും നേതാക്കളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്എഫിനെ തകര്‍ക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ പലവിധ ശ്രമങ്ങളും നടന്നു. ഒരിക്കല്‍ സുധാകരനും സംഘവും ആക്രമിക്കാന്‍ വന്നപ്പോള്‍ പിണറായി വിജയന്‍ വന്നതും ഓര്‍ക്കുന്നു. പിന്നീട്, സുധാകരന്‍ സംഘടനാ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍എസ്ഒ നേതാവായി. മമ്പറം ദിവാകരന്‍ കെഎസ്‌യുവിന്റെയും ഞാന്‍ എസ്എഫ്‌ഐയുടെയും സുധാകരന്‍ എന്‍എസ്ഒയുടെയും ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഞാനാണ് വിജയിച്ചത്. ജനതാ പാര്‍ടി വഴി പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്ന സുധാകരന്‍ ഇപ്പോള്‍ പറയുന്നതെല്ലാം പച്ചനുണയാണ്'-എകെ ബാലന്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it