Latest News

തരൂരിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍

ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. എല്ലാ കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല

തരൂരിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല; അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ശശി തരൂര്‍ എംപിയുടെ നിലപാടില്‍ വിശദീകരണം തേടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ റെയില്‍ സംബന്ധിച്ച തരൂരിന്റെ അഭിപ്രായം ഗുണകരമല്ല, ശരിയുമല്ല. അദ്ദേഹത്തിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഈ ഒരൊറ്റ നിലപാട് കൊണ്ട് അളക്കാന്‍ പറ്റുന്ന ആളല്ല തരൂര്‍. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കും. തെറ്റാണെങ്കില്‍ തിരുത്തിക്കും. തരൂര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി അശാസ്ത്രീയമാണ്. ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. എല്ലാ കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ വികസന കാഴ്ചപ്പാടിനോട് വിയോജിപ്പാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവച്ചു രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒന്നിച്ചു മുന്നേറണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാടിന് വിരുദ്ധമായ എംപിയുടെ നിലപാടില്‍ വാദ പ്രതിവാദങ്ങള്‍ പുരോഗമിക്കെയാണ് വീണ്ടും മുഖ്യമന്ത്രിയെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയത്.

കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവയ്ക്കാതെ മാറി നിന്ന തരൂരിന്റെ നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ പോസ്റ്റ്.

ഇന്നലെ ലുലു മാള്‍ ഉദ്ഘാടനവേദിയില്‍ വച്ചും മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളെ തരൂര്‍ പ്രശംസിച്ചിരുന്നു. സംസ്ഥാനത്ത് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it