Latest News

കെ റെയില്‍ കേരളത്തിന്റെ ദുരന്തമായി മാറും; ജനകീയ സമരങ്ങള്‍ തുടരുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ജനകീയ സമരങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനും

കെ റെയില്‍ കേരളത്തിന്റെ ദുരന്തമായി മാറും; ജനകീയ സമരങ്ങള്‍ തുടരുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കൊല്ലം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ദുരന്തമായി മാറുമെന്നും കേരളത്തിന്റെ രക്ഷയ്ക്ക് കെ റെയിലിനെതിരായ ജനകീയ സമരങ്ങള്‍ തുടരുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ജനകീയ സമരങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനും. പൗരത്വ പ്രക്ഷോഭകരെയും കര്‍ഷക സമരക്കാരെയും ബിജെപി സര്‍ക്കാര്‍ നേരിട്ട അതേ രീതിയിലാണ് ഇടതു സര്‍ക്കാരിന്റെയും സമീപനമെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ റെയില്‍ സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച് വിഷയം പുനരധിവാസ പ്രശ്‌നമാക്കി ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ റെയില്‍ സമരം കേവലം പുനരധിവാസ പ്രശ്‌നം മാത്രമല്ല. ഇത് കേരളത്തിന്റെ മണ്ണിനെയും പരിസ്ഥിതിയെയും ആവാസവ്യവസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ്. കൂടാതെ സംസ്ഥാനത്തെ കടത്തില്‍ മുക്കിക്കൊല്ലുന്നതും ഒട്ടും ലാഭകരമല്ലാത്തതുമാണ്. കെ റെയിലിന്റെ ആകെയുള്ള ഒരു നേട്ടമായി മുഖ്യമന്ത്രി പറയുന്നത് സമയലാഭം മാത്രമാണ്. ഈ സമയലാഭത്തിന് മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ കെ റെയില്‍ നടപ്പിലാക്കിയേ തീരൂ എന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. കെ റെയില്‍ സ്‌റ്റേഷനുകളും നിലവിലുള്ള റെയില്‍വേ സ്‌റ്റേഷനുകളും തമ്മിലുള്ള അകലം സമയനഷ്ടമുണ്ടാക്കും. സ്‌റ്റോപ്പുകള്‍ കുറവായതിനാല്‍ ലക്ഷ്യസ്ഥാനത്തു നിന്നും വളരെ അകലെയുള്ള സ്‌റ്റേഷനില്‍ ഇറങ്ങേണ്ടിവരികയും അവിടെ നിന്ന് ടാക്‌സിയിലോ ഓട്ടോയിലോ ബസ്സിലോ വളരെ ദൂരം സഞ്ചരിക്കേണ്ടിവരും ലക്ഷ്യത്തിലെത്താന്‍.

ഈ പദ്ധതി വിദേശ കുത്തക കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുതകുന്ന പദ്ധതിയാണ്. ജപ്പാനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമെന്നാണ് മറ്റൊരു അവകാശ വാദം. എന്നാല്‍ അവരുടെ സാങ്കേതിക വിദ്യയും സാധനസാമഗ്രികളും വിറ്റഴിക്കാനുള്ള വിപണിയായാണ് അവര്‍ കാണുന്നതെന്ന സത്യം ബോധപൂര്‍വം മറച്ചുവെക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇത്ര നിര്‍ബന്ധ ബുദ്ധി എന്തിനാണ് എന്നത് ജനങ്ങളില്‍ പല സംശയവുമുണ്ടാക്കുന്നു.

പദ്ധതിയുടെ ചെലവ് മുഖ്യമന്ത്രി കുറച്ചുകാണിക്കുകയാണ്. 63941 കോടി മതിയെന്നത് കേവലം അവകാശവാദം മാത്രമാണ്. നീതി ആയോഗ് ഈ പദ്ധതിക്ക് 1.26 ലക്ഷം കോടിയിലധികം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. പദ്ധതി നടപ്പാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് കണ്ടെത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനാണ് ജനങ്ങളെ തല്ലിച്ചതയ്ക്കുന്നതും വികസന വിരോധികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്നതും. ഇപ്പോള്‍ സര്‍വേ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാം നല്‍കുമെന്നു പറയുമ്പോള്‍ കെ റെയിലിന്റെ ഇരു വശങ്ങളിലുമായി 30 മീ വീതിയില്‍ ബഫര്‍സോണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തിന് പരിഹാരമില്ല.

കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ അവരോട് മാനുഷികമായി പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കിടപ്പാടം നഷ്ടപ്പെടുന്നവര്‍, വ്യാപാര സ്ഥാപനം നഷ്ടപ്പെടുന്നവര്‍, ഉറ്റവരെ അടക്കം ചെയ്തിട്ടുള്ള കല്ലറകള്‍ ഇടിച്ചുനിരപ്പാക്കപ്പെടുന്നവര്‍ ഇങ്ങനെ വേദനകള്‍ പലതാണ്. പുരയിടത്തില്‍ അതിക്രമിച്ചു കയറി വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിക്കുന്ന അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എകെ സലാഹുദ്ദീന്‍, പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് ഇ അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി സംബന്ധിച്ചു.

Next Story

RELATED STORIES

Share it