Latest News

കെ റെയില്‍ ഡിപിആര്‍ പുറത്ത്; പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പരിസ്ഥിതി ആഘാത പഠനറിപോര്‍ട്ട്

ഡീറ്റെയില്‍ഡ് പ്രോജക്റ്റ് റിപോര്‍ട്ടും റാപ്പിഡ് എന്‍വയോണ്‍മെന്റ് സ്റ്റഡി റിപോര്‍ട്ടുമാണ് പുറത്തായത്.

കെ റെയില്‍ ഡിപിആര്‍ പുറത്ത്;  പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പരിസ്ഥിതി ആഘാത പഠനറിപോര്‍ട്ട്
X

തിരുവനന്തപുരം: കെറെയില്‍ വിശദ പദ്ധതി റിപോര്‍ട്ടി(ഡിപിആര്‍)ന്റെ പൂര്‍ണരൂപം പുറത്ത്. ഡിപിആറും പരിസ്ഥിതി ആഘാത പഠന റിപോര്‍ട്ടുമാണ് പുറത്തായത്. ആറ് ഭാഗങ്ങള്‍ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂര്‍ണരൂപം. ട്രാഫിക് സ്റ്റഡി റിപോര്‍ട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പദ്ധിതയുടെ ഭാഗമായി പൊളിക്കേണ്ട ദേവാലയങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.

കെ റെയിലിന്റെ കേന്ദ്രീകൃത വര്‍ക്ക് ഷോപ്പ് കൊല്ലത്തും പരിശോധനാ കേന്ദ്രം കാസര്‍ഗോഡുമായിരിക്കും സ്ഥാപിക്കുക. 63,940 കോടിയാണ് പദ്ധതി ചെലവ്. പദ്ധതിക്കായി 6100 കോടിയുടെ സ്വകാര്യഭൂമിയും ഏറ്റെടുക്കും. 4460 കോടിയാണ് നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമായി സര്‍ക്കാര്‍ ചിലവഴിക്കുക. കെ റെയില്‍ പാതയുടെ മുപ്പത്മീറ്റര്‍ പരിധിയില്‍ മറ്റ് നിര്‍മാണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 57 ശതമാനവും വായ്പയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2025ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡിപിആറില്‍ അടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സിഇഡി ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെറെയില്‍ നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു. പദ്ധതിയുടെ സാമ്പത്തിക സാമൂഹിക ആഘാത പഠനങ്ങളും റിപോര്‍ട്ടില്‍ വ്യക്തമാണ്. രാജ്യത്തേയും വിദേശത്തേയും സമാന പദ്ധതികളെക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുണ്ട്. 2025 -26ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് വിവരം.

കെ റെയില്‍ സര്‍വ്വീസ് രാവിലെ അഞ്ചു മുതല്‍ രാത്രി 11 വരെയാണ് ഉണ്ടായിരിക്കുക. പദ്ധതിയെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും. ആറര ലക്ഷം യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റ് ട്രെയിനുകളും പദ്ധതിയിലുണ്ട്. ട്രക്ക് ഗതാഗതതത്തിനായി കൊങ്കണ്‍ മോഡല്‍ റോറോ സര്‍വീസാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കെ റെയിലിനെ പ്രധാനനഗരങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുമെന്ന്് ഡിപിആറില്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി ആദ്യം പരിഗണിച്ചത് തീരദേശമേഖലയെയാണ്. ജനവാസമേഖലകളെയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും ഉദ്ദേശിച്ച വേഗത നിലനിര്‍ത്താന്‍ നേരായ പാതക്ക് മുന്‍ഗണന നല്‍കിയെന്നും ഡിപിആറില്‍ വിശദമാക്കുന്നു.

ഡിപിആര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ആവകാശ ലംഘന നോട്ടീസ് ഉള്‍പ്പെടെ നല്‍കിയിരുന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

നേരത്തെ എക്‌സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂര്‍ണരൂപം പുറത്തായത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ റെയില്‍ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡിപിആറില്‍ വ്യക്തമാകുന്നുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകും, അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ ഏതൊക്കെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങള്‍. പദ്ധതിയിലൂടെ സര്‍ക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറില്‍ വിശദീകരിക്കുന്നുണ്ട്.

ഡിപിആര്‍ നിയമസഭ വെബ്‌സൈറ്റില്‍

ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറില്‍ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളുടെ വിശദമായ വിവരങ്ങളുമുണ്ട്. നിയമസഭയുടെ വെബ്‌സൈറ്റില്‍ ഡിപിആര്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

പുറത്ത് വിട്ട ഡിപിആര്‍ അനുസരിച്ച് പദ്ധയില്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടിയാണ്. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയില്‍. കെ റെയില്‍ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റര്‍ ആയിരിക്കും. 13 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കണം. പാതയുടെ ഇരുവശത്തും അതിര്‍ത്തി വേലികള്‍ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയില്‍ പ്രതിദിനം 37 സര്‍വീസ് ആണ് ലക്ഷ്യം. 27 വര്‍ഷം കൊണ്ട് ഇരട്ടി സര്‍വീസ് ലക്ഷ്യമിടുന്നു. 52.7% തുകയും വായ്പയെടുക്കും.

നേരത്തെ ഡിപിആര്‍ പുറത്ത് വിടുന്നതില്‍ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തില്‍ കൂടി എംഡി പറഞ്ഞത് ഡിപിആര്‍ രഹസ്യ രേഖയാണെന്നും കൊമേഴ്‌സ്യല്‍ ഡോക്യുമെന്റാണെന്നുമാണ്. ടെന്‍ഡര്‍ ആകാതെ ഇത് പുറത്തു വിടാനാകില്ലെന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിപിആര്‍ നല്‍കിയെന്ന തെറ്റായ മറുപടി നല്‍കിയതില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.


Next Story

RELATED STORIES

Share it