Latest News

വെസ്റ്റ് ബാങ്ക് അധിനിവേശത്തിനെതിരേ അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

വെസ്റ്റ് ബാങ്ക് അധിനിവേശത്തിനെതിരേ അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
X

കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്ക് പിടിച്ചെടുപ്പിനായി ഇസ്രായേല്‍ സ്വീകരിച്ച നീക്കത്തിനെതിരേ അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, മലേഷ്യ, ലിബിയ, നൈജീരിയ, ജിബൂതി, ഗാംബിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളും അറബ് ലീഗും ഇസ്ലാമിക് സഹകരണ സംഘടനയും (ഒഐസി) ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ഇസ്രായേല്‍ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും തുറന്ന ലംഘനമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന്റെ ആവശ്യകതയും ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം നിയമപരവും നൈതികവുമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും, ഇസ്രായേലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ അധിനിവേശവും കുടിയേറ്റ നിര്‍മ്മാണവും സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) നിലപാട് പ്രസ്താവനയില്‍ പരാമര്‍ശിച്ചു. അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേലിന് പരമാധികാരമില്ലെന്ന് ഐസിജെ മുന്‍പ് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കാനും, ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ വഴിയുള്ള ഫലസ്തീന്‍ സഹായ വിതരണം തടയരുതെന്നും ആവശ്യപ്പെട്ടു. നിര്‍ബന്ധിത കുടിയിറക്കലും ഫലസ്തീനികളുടെ അസഹനീയമായ ജീവിതാവസ്ഥയും നേരിടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പും നല്‍കി. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുമ്പോഴാണ് നീതിയുക്തവും സമഗ്രവുമായ സമാധാനം സാധ്യമാകുക എന്നും രാജ്യങ്ങള്‍ വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര രാഷ്ട്രാവകാശത്തിനും കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it