Latest News

ഇന്‍സൈറ്റ് ഇസ്‌ലാമിക് എക്‌സിബിഷന്‍ ജിദ്ദയില്‍

ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4. 30 ന് ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ ഈദാന്‍ എക്‌സിബിഷന്‍ ജിദ്ദയിലെ പൊതുസമൂഹത്തിന്നായി തുറന്നു കൊടുക്കും.

ഇന്‍സൈറ്റ് ഇസ്‌ലാമിക് എക്‌സിബിഷന്‍ ജിദ്ദയില്‍
X

ജിദ്ദ: അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പോഷകഘടകമായ ജിദ്ദാ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി 'കാതോര്‍ക്കുക സ്രഷ്ടാവിനെ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍സൈറ്റ് ഇസ്‌ലാമിക് എക്‌സിബിഷന്‍ 2020 ജനുവരി 10 മുതല്‍ 17 വരെ ഷറഫിയ്യ എയര്‍ലൈന്‍സ് ഇമ്പാല ഗാര്‍ഡനില്‍ നടക്കും.

ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ വായനയിലൂടെയും കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും അനുഭവത്തിലൂടെയും മനുഷ്യരെ അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുവാനും ധാര്‍മിക സദാചാര മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുവാനും സാമൂഹ്യപരിസരങ്ങളിലെ തിന്മകളെ കുറിച്ച് ബോധവല്‍ക്കരിക്കാനും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന അതിമഹത്തായ മാനുഷിക നിയമങ്ങളും തത്വസംഹിതകളും മനുഷ്യരെ അറിയിക്കുവാനും സാധ്യമാകുന്ന തരത്തില്‍ അതിവിപുലമായ സജ്ജീകരണങ്ങളോടെയാണ് തയ്യാറാക്കിയിട്ടുള്ളത്.

എണ്‍പതില്‍പരം സ്ലൈഡുകളും മുപ്പതില്‍പരം വിഷ്വല്‍ ഇഫക്ടുകളും സ്റ്റില്‍ മോഡലുകളും തീം മോഡലുകളുമടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ പ്രധാന പവലിയന്‍ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളും ഇസ്ലാം ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളും പരിചയപ്പെടുത്തുന്ന സയന്‍സ് പവലിയന്‍ സദാചാര മൂല്യങ്ങളും ധാര്‍മികതയും മാനവികതയുടെ സന്ദേശങ്ങളും പകര്‍ന്നു നല്‍കുന്ന മോറല്‍ പവലിയന്‍ സ്റ്റുഡന്‍സ് ആക്ടിവിറ്റി റൂം, കൗണ്‍സിലിംഗ് സെന്റര്‍, ബുക്സ്റ്റാള്‍, കിയോസ്‌കുകള്‍ തുടങ്ങിയവയും എക്‌സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്.

ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4. 30 ന് ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ ഈദാന്‍ എക്‌സിബിഷന്‍ ജിദ്ദയിലെ പൊതുസമൂഹത്തിന്നായി തുറന്നു കൊടുക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉല്‍ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ റഫീഖ് സലഫി ബുറൈദ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജിദ്ദ ജാലിയാത് മലയാളം വിഭാഗം പ്രബോധകന്‍ ഉമര്‍ കോയ മദീനി, അനസ് ബിന്‍ മാലിക് സെന്റര്‍ പ്രബോധകന്‍ മുഹമ്മദ് റഫീഖ് സുല്ലമി, ജിദ്ദയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും.

എക്‌സിബിഷനോടനുബന്ധിച്ച് ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ കുട്ടികള്‍ക്കുള്ള കളറിംഗ് മത്സരം, പ്രമുഖ ഫാമിലി കൗണ്‍സിലറും പീസ് റേഡിയോ സി.ഇ.ഒ. യുമായ പ്രൊഫസര്‍ ഹാരിസ് ബിന്‍ സലിം നേതൃത്വം നല്‍കുന്ന കളിച്ചങ്ങാടം, രാത്രി 8:30 ന് 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍; പ്രശ്‌നവും പരിഹാരവും' എന്ന വിഷയത്തില്‍ പ്രൊഫസര്‍ ഹാരിസ് ബിന്‍ സാലിമിന്റെ പ്രഭാഷണം എന്നീ പരിപാടികളാണ് നടക്കുക.

ജനുവരി 13 തിങ്കളാഴ്ച രാത്രി 8.30 നു നടക്കുന്ന പ്രത്യേക പരിപാടിയില്‍ കെ.എം. ഷാജി എം.എല്‍.എ. 'ജനാധിപത്യം, മതനിരപേക്ഷത, ഫാഷിസം' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കും.

ജനുവരി 12 ഞായറാഴ്ച രാത്രി 8.30 ന് പ്രൊഫസര്‍ ഹാരിസ് ബിന്‍ സലീം, ഡോ. ഇസ്മായില്‍ മരിതേരി എന്നിവര്‍ നയിക്കുന്ന ടീന്‍സ് മീറ്റ്, ജനുവരി 14 ചൊവ്വാഴ്ച അബഹ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഷഹീര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ വിചാരം, ജനുവരി 15 ബുധനാഴ്ച രാത്രി 8.30 ന് 'ചേര്‍ന്നു നില്‍ക്കുക, ചെറുത്ത് തോല്‍പ്പിക്കുക' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സായന്തന സംവേദനത്തില്‍ മുസ്തഫ വാക്കാലൂര്‍, ഹസന്‍ ചെറൂപ്പ, ഗോപി നെടുങ്ങാടി, അഡ്വക്കേറ്റ് അഷ്‌റഫ് ആക്കോട്, സുഫ്‌യാന്‍ അബ്ദുസ്സലാം, അന്‍വര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനുവരി 16 വ്യാഴാഴ്ച രാത്രി 8.30 ന് ഇസ്‌ലാമും വിമര്‍ശനങ്ങളും എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടക്കും. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ് മദീനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഷഫീഖ് സ്വലാഹി, സഹദ് ദാരിമി, ഉമ്മര്‍കോയ മദീനി, സുഫ്‌യാന്‍ അബ്ദുസ്സലാം, അന്‍വര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ജനുവരി 17 വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡണ്ടും ക്വുര്‍ആന്‍ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉല്‍ഘാടനം ചെയ്യും. ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജിദ്ദയിലെ മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഉല്‍ഘാടന ദിവസം വൈകുന്നേരം 4 മുതല്‍ രാത്രി ഒരുമണി വരെ, ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെ ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 9. 30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സ്‌കൂള്‍ കുട്ടികള്‍ക്കും വൈകുന്നേരം 4 മുതല്‍ രാത്രി 12.30 വരെ പൊതു ജനങ്ങള്‍ക്കുവേണ്ടിയുമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സമാപന ദിവസമായ ജനുവരി 17 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒരു മണി വരെ പ്രദര്‍ശനമുണ്ടായിരിക്കും. ഫാമിലികള്‍ക്ക് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെയും ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 6. 30 മുതല്‍ രാത്രി 9.30 വരെയുമായിരിക്കും എക്‌സിബിഷനില്‍ പ്രവേശനം അനുവദിക്കുക.

എക്‌സിബിഷന്‍ കാണുവാന്‍ ഗൂഗിള്‍ രെജിസ്‌ട്രേഷന്‍ വഴി (https://forms.gle/Tqz6APeE5bfX9MKZA) നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. എക്‌സിബിഷന്‍ വിസിറ്റ് ചെയ്യാന്‍ വരുന്നവര്‍ സ്മാര്‍ട് ഫോണും ഹെഡ് സെറ്റും കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509299816 / 0563975344 / 0560282977 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ജെ.ഡി.സി.സി പ്രസിഡണ്ട് സുനീര്‍ പുളിക്കല്‍, ഫൈസല്‍ വാഴക്കാട്, ഹുസൈന്‍ ജമാല്‍ ചുങ്കത്തറ, അബ്ദുല്‍ഗഫൂര്‍ പൂങ്ങാടന്‍, ജമാല്‍ വാഴക്കാട്, നബീല്‍ പാലപ്പെറ്റ, മുഹമ്മദ് ജമാല്‍ പെരിന്തല്‍മണ്ണ, ഇന്‍സൈറ്റ് ചെയര്‍മാന്‍ മുഹമ്മദ് റിയാസ്, ഹാഫിസ് മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it