Latest News

ജല്‍ ജീവന്‍ മിഷന്‍ സാമ്പത്തിക ക്രമക്കേട്; 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ജല്‍ ജീവന്‍ മിഷന്‍ സാമ്പത്തിക ക്രമക്കേട്; 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
X

ന്യൂഡല്‍ഹി: കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ നടപടി സ്വീകരിച്ച് അധികൃതര്‍. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 596 ഉദ്യോഗസ്ഥര്‍, 822 കരാറുകാര്‍, 152 തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഏജന്‍സികള്‍ (ടിപിഐഎ) എന്നിവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായാണ് വിവരം. സിബിഐ, ലോകായുക്ത, മറ്റ് അഴിമതി വിരുദ്ധ ഏജന്‍സികള്‍ എന്നിവയാണ് കേസുകള്‍ പരിശോധിക്കുന്നത്.

15 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 16,634 പരാതികള്‍ ലഭിക്കുകയും 16,278 കേസുകളില്‍ അന്വേഷണ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. അസം രണ്ടാം സ്ഥാനത്തും ത്രിപുര മൂന്നാം സ്ഥാനത്തുമാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് ലഭിച്ചത് 14,264 കേസുകളാണ്.

പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാന്‍ സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യുപിയില്‍ 171 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. രാജസ്ഥാന്‍ (170), മധ്യപ്രദേശ് (151) എന്നിവയാണ് തൊട്ടുപിന്നില്‍. കരാറുകാര്‍ക്കെതിരെ നടപടിയെടുത്തതില്‍ ത്രിപുര (376)യാണ് മുന്നിലുള്ളത്. യുപി (143) പശ്ചിമ ബംഗാള്‍ (142) എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഛത്തീസ്ഗഢ്, ഗുജറാത്ത്, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ്, ഹരിയാന, ജാര്‍ഖണ്ഡ്, ലഡാക്ക്, മണിപ്പൂര്‍ എന്നിവയും ഇതുസംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it