Top

നിരന്തരം ഇടപെടുകയല്ല, ആഴത്തിലും വ്യത്യസ്തമായും ഇടപെടുകയാണ്

കെ കെ ബാബുരാജിന്റെ അപര ചിന്തനം: കീഴാളവിമര്‍ശത്തിന്റെ അറിവനുഭങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് ഡോ. ഓ കെ സന്തോഷിന്റെ എഴുത്ത്

നിരന്തരം ഇടപെടുകയല്ല, ആഴത്തിലും വ്യത്യസ്തമായും ഇടപെടുകയാണ്
X

ഡോ. ഓ.കെ സന്തോഷ്

2010 മുതലാണ് കെ. കെ. ബാബുരാജ് ( ബാബുവേട്ടന്‍ ) വ്യക്തിപരമായ യാത്രകളുടെ അവിഭാജ്യഭാഗമാകുന്നത്. സബ്ജക്റ്റ് & ലാംഗേജ് പ്രസ്, ഉത്തരകാലം തുടങ്ങിയ പ്രസാധന സംരംഭങ്ങളുടെ ഒപ്പം ചേര്‍ത്തപ്പോള്‍ അത് ഒരു അനിവാര്യതയാവുകയായിരുന്നു. നാലരയ്ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജോലി തീര്‍ത്ത്, തിരക്കുകുറഞ്ഞ ബസില്‍ കയറാന്‍ കാത്തുനില്‍ക്കുന്നതില്‍നിന്നും കാര്‍ യാത്രയിലേക്ക് അദ്ദേഹം മാറിയ അക്കാലത്ത്, സുഹൃത്തുക്കളെ ഒപ്പം കൂട്ടാനാണ് താന്‍ വാഹനം വാങ്ങിച്ചതെന്ന് പറയുമായിരുന്നു. ഒരുകാലത്ത് എറണാകുളത്തുനിന്ന് എ. കെ. വാസുവും വെള്ളൂര് താമസിക്കുന്ന ഞാനും ആഴ്ച്ചാവസാനം യാത്രകള്‍ക്ക് വേണ്ടിമാത്രം ഒത്തുകൂടുന്നത് ഓര്‍ക്കുന്നു. യാത്രകള്‍ വിരസമാവാതിരിക്കാന്‍ ചര്‍ച്ചയും ലഹരിയും പാട്ടും തര്‍ക്കങ്ങളും പിണക്കങ്ങളുമൊക്കെ ഒപ്പം വന്നു. ഞാന്‍ ചെന്നൈയിലേക്കും ഡോ. വാസു കാസര്‍േകാഡിലേക്കും താമസം മാറ്റിയപ്പോള്‍ ബാബുവേട്ടന്റെ രണ്ടു ചിറകുകളും ഒടിഞ്ഞുവെന്ന് ജാന്‍സിചേച്ചി പാതി കളിയായും പാതി കാര്യമായും പറയുമായിരുന്നു.

ഈ യാത്രകള്‍ കെ. കെ. ബാബുരാജ് ഭാവിയില്‍ എവിടെയെങ്കിലും എഴുതിയേക്കാം. എന്തായാലും കേരളത്തിലെ എഴുത്തിന്റെയും ചിന്തയുടെയും മണ്ഡലത്തില്‍ മറ്റൊരു ജീവിതം സാധ്യമാണ് ( 2008/2019), ഇരുട്ടിലെ കണ്ണാടി ( (2012) തുടങ്ങിയ രണ്ടു പുസ്തകങ്ങള്‍ നിര്‍ണ്ണായകമാണ്. സാഹിത്യ സാംസ്‌കാരികവിമര്‍ശനത്തിന് പുതിയ ഭാഷയും സമീപനവും ഉണ്ടാക്കിയ ആ പുസ്തകങ്ങള്‍ സാമൂഹികമായ ഉള്‍ക്കൊള്ളലിനെ (Social Inclusion )സംവാദങ്ങളുടെ കേന്ദ്രമാക്കുന്നതിന്റ മലയാളത്തിലെ ആദ്യ മാതൃകയാണ്. പിന്നീട് ഇടതുപക്ഷബുദ്ധിജീവികളില്‍ ചിലര്‍ ഇത് പലരീതിയില്‍ പകര്‍ത്തുകയും ചില നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ അതിനെ കൈയൊഴിയുകയും ചെയ്യുന്നതിന് കേരളം സാക്ഷിയാണ്.

കെ കെ ബാബുരാജിന്റെ പുതിയ പുസ്തകം ഇതിനെ കുറച്ചുകൂടി വികസിപ്പിക്കുന്നതാണ് കാണുന്നത്. അതിന് അദ്ദേഹം പ്രമാണമാക്കുന്നത് മലയാളിസമൂഹത്തോട് നിരന്തരം നടത്തിയ സംവാദങ്ങളും അതോടൊപ്പം താന്‍ കടന്നുവന്ന ജീവിതസന്ദര്‍ഭങ്ങളെയുമാണ്. അനുഭവങ്ങളെ കേവലം പറച്ചിലാക്കാതെ സാമൂഹ്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വൈജ്ഞനികതയുമായി കണ്ണിചേര്‍ത്ത് പുതിയൊരു രചനാരീതിയിലേക്ക് വികസിപ്പിച്ചു എന്നതാണ് അപരചിന്തനം എന്ന പുസ്തകത്തെ വേറിട്ടതാക്കുന്നത്. മാഞ്ഞും മറന്നും പോയ ചെറുജീവിതങ്ങള്‍ എന്ന വയനാട്ടിലെ ജീവിതത്തെക്കുറിച്ചുള്ള ആദ്യകുറിപ്പ് ഭാഷയിലുണ്ടാക്കുന്ന സൗന്ദര്യവും ആഖ്യാനപരതയിലും സാമൂഹികനോട്ടങ്ങളിലും പുലര്‍ത്തുന്ന സൂക്ഷ്മതയും അനന്യവും അത്ഭുതകരവുമാണ്. കാഞ്ച ഐലയ്യ, എം. എസ്. എസ്. പാണ്ഡ്യന്‍, ഗോപാല്‍ ഗുരു തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞര്‍ ഇത്തരം അനുഭവങ്ങളെ പാഠവല്‍ക്കരിക്കാനും സിദ്ധാന്തവല്‍ക്കരിക്കാനും നടത്തിയ ഉദ്യമങ്ങള്‍ ഓര്‍ക്കുക. സിനിമദേശങ്ങള്‍, അന്യദേശങ്ങള്‍, അപര മഹാരാജാസുകള്‍, എറണാകുളം നഗരം: ചില അരിക് അനുഭവങ്ങള്‍ തുടങ്ങിയ കുറിപ്പുകള്‍ നമ്മുടെ സ്ഥലഭാവനയെയും പൊതുരാഷ്ട്രീയാഖ്യാനങ്ങളുടെ ജനപ്രിയരീതികളെയും ആഴത്തില്‍ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെയ്ക്കുന്നവയാണ്.

ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുവരുന്ന എഴുത്തുകാരെയും എഴുത്തുകളെയും അവരില്‍തന്നെയുള്ള എലീറ്റിസവുമായി ബന്ധിപ്പിച്ചു തള്ളിക്കളയുന്ന രീതിയെ കെ കെ ബാബുരാജിന്റെ ഈ പുസ്തകം ധീരമായി പ്രതിരോധിക്കുന്നു. ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും പിന്നില്‍ നിരന്തരമായി സംഘര്‍ഷപ്പെടുന്ന, ബഹിഷ്‌കരണങ്ങളെയും ഒറ്റതിരിച്ചുള്ള ആക്രമണങ്ങളെയും വൈകാരികമായല്ലാതെ പ്രതിരോധിക്കുന്ന ഒരാളെ ഇതില്‍ കാണാം. കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിലുണ്ടായ നവസാമൂഹിക സമരങ്ങളെയും ചിന്തകളെയും ജേര്‍ണലിസ്റ്റ് യുക്തിയില്‍ അവതരിപ്പിച്ചു സ്വന്തം റീച്ച് വര്‍ധിപ്പിക്കുന്ന ഉള്ള് പൊള്ളയായ എഴുത്തുകാരെ ഈ പുസ്തകത്തിലെ രണ്ടും മൂന്നും ഭാഗത്തെ ലേഖനങ്ങള്‍ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. നിരന്തരം ഇടപെടുകയല്ല, ആഴത്തിലും വ്യത്യസ്തമായും ഇടപെടുകയെന്നതാണ് കെ കെ ബാബുരാജിന്റെ ധൈഷണികജീവിതത്തിലും എഴുത്തിലും ഞാന്‍ കാണുന്ന സവിശേഷത. അത് മുന്‍പത്തെക്കാള്‍ ശക്തമാകുന്നതിന്റ തെളിവ് കൂടിയാണ് അപര ചിന്തനം: കീഴാളവിമര്‍ശത്തിന്റെ അറിവനുഭങ്ങള്‍ എന്ന പുസ്തകം.

(കടപ്പാട്/ ഫേസ് ബുക്ക്/ oksanthosh)

Next Story

RELATED STORIES

Share it