Sub Lead

ഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

ഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്
X

ബാങ്കോക്ക്: ഇസ്രായേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഫിഫ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്. വെള്ളിയാഴ്ച തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന ഫിഫയുടെ വാര്‍ഷിക കോണ്‍ഗ്രസ് മീറ്റിങ്ങില്‍ നിന്നാണ് ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലികിന്റെ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് ഇറങ്ങിപ്പോയത്.

ഇസ്രായേലിയും അവരുടെ പ്രതിനിധികളെയും എല്ലാ തലങ്ങളിലുമുള്ള ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തതിനു ശേഷമായിരുന്നു മെഹ്ദി താജ് പരിപാടി ബഹിഷ്‌കരിച്ചത്. ഇറാഖില്‍ നിന്നും ലെബനനില്‍ നിന്നുമുള്ള മറ്റ് പ്രതിനിധികളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതായി താജ് പറഞ്ഞു.

'സയണിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കുന്നതിനാല്‍ ഞങ്ങള്‍ കോണ്‍ഗ്രസ് ഹാള്‍ വിട്ടു. സയണിസ്റ്റ് ഭരണകൂടത്തെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരോധിക്കണമെന്നാണ് എന്റെ ആവശ്യം. ദശലക്ഷക്കണക്കിന് അടിച്ചമര്‍ത്തപ്പെട്ട ആളുകളെ മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' താജ് പറഞ്ഞു. 'ഇന്നലെ, ഞാന്‍ അള്‍ജീരിയന്‍, ഫലസ്തീന്‍ ഫെഡറേഷനുകളുടെ പ്രസിഡന്റുമാരോട് പറഞ്ഞു, സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതിഷേധ സൂചകമായി ഞങ്ങള്‍ യോഗത്തില്‍ നിന്ന് പുറത്തുപോകും. സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധി പ്രവേശിച്ചയുടനെ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഹാളില്‍ നിന്ന് പുറത്തിറങ്ങി. ഇറാഖിന്റെ പ്രതിനിധിയും ലെബനന്‍, മൊസാംബിക്ക്, അള്‍ജീരിയ എന്നിവയുടെ പ്രതിനിധികളും ഞങ്ങള്‍ക്കൊപ്പം ഇറങ്ങി,' താജ് കൂട്ടിച്ചേര്‍ത്തു.

വാര്‍ഷിക കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കവെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ രജൗബ്, ഗസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. 'ഫലസ്തീന്‍ ജനത അഭൂതപൂര്‍വമായ മാനുഷിക ദുരന്തം സഹിക്കുകയാണ്. ഗസയില്‍ നടക്കുന്ന ഒരു തത്സമയ ടെലിവിഷന്‍ വംശഹത്യയാണ് ഞങ്ങള്‍ കാണുന്നത്,' രജൗബ് പറഞ്ഞു. ഗസയ്‌ക്കെതിരായ ക്രൂരമായ യുദ്ധത്തിന്റെ പേരില്‍ ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട രജൗബ്, തന്റെ നിര്‍ദേശം കാരണം തനിക്ക് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയില്‍ നിന്നും ഭീഷണിയുണ്ടെന്നും പറഞ്ഞു.





Next Story

RELATED STORIES

Share it