Big stories

പഞ്ചാബ് നാഷനല്‍ ബാങ്കിലെ ക്രമക്കേട്; കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു

പഞ്ചാബ് നാഷനല്‍ ബാങ്കിലെ ക്രമക്കേട്; കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു
X

കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 10 കോടി രൂപ തിരിമറി നടത്തിയ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. മറ്റ് ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ് ബാങ്ക് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിച്ചുവരികയാണ്. പണം തട്ടിയ മുന്‍ മാനേജര്‍ എം പി റിജില്‍ ഇപ്പോഴും ഒളിവിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് മാത്രം 10 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതില്‍ 2.53 കോടി രൂപ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖ മാനേജര്‍ റിജില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ റിജിലിനെ സസ്‌പെന്റ് ചെയ്തിരുന്നു. ബാങ്കിന്റെ അഭ്യന്തര ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കോഴിക്കോട് കോര്‍പറേഷന്റെ കുടുംബശ്രീ അക്കൗണ്ടില്‍ നിന്ന് എട്ടുകോടി രൂപ തട്ടിയതിന് പിന്നിലും റിജില്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.കോര്‍പറേഷന്റെ മറ്റ് അക്കൗണ്ടുകളുടെ വിശദമായ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമാണ് കൂടുതല്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് കണ്ടെത്താനാവുക. മറ്റ് വന്‍കിട ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്നതിലും പ്രാഥമിക പരിശോധനകള്‍ നടന്നുവരികയാണ്.

റിജില്‍ തട്ടിയെടുത്ത 2.53 കോടി രൂപ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പിന് പിന്നില്‍ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. അതേസമയം, കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2.53 കോടി രൂപ പഞ്ചാബ് നാഷനല്‍ ബാങ്ക് തിരിച്ചുനല്‍കി. മുന്‍ മാനേജര്‍ എം പി റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരിച്ചുനല്‍കിയത്. 98 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, 2.53 കോടി രൂപ നഷ്ടപ്പെട്ടെന്ന നിലപാടില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 2.5 കോടിയോളം രൂപ എം പി റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുനല്‍കിയത്. എം പി റിജില്‍ മാനേജരായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്. നിലവിലെ മാനേജരും കോര്‍പറേഷന്‍ സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിജിലിനെതിരേ ടൗണ്‍ പോലിസ് കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചശേഷം റിജിലിനെ അറസ്റ്റുചെയ്യും.

Next Story

RELATED STORIES

Share it