Latest News

ബുദ്ധമതവിശ്വാസിയും ഇന്ത്യന്‍ വംശജയുമായ സുല്ല ബ്രാവര്‍മാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി

ബുദ്ധമതവിശ്വാസിയും ഇന്ത്യന്‍ വംശജയുമായ സുല്ല ബ്രാവര്‍മാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി
X

ലണ്ടന്‍: ഇന്ത്യന്‍ വംശജയും ബാരിസ്റ്ററും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ സുല്ല ബ്രാവര്‍മാനെ(42) ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു.

ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇതുവരെ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ച സുല്ല തെക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ ഫാരെഹാമില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ബോറിസ് ജോണ്‍സനെ പുറത്തിരുത്താനുള്ള നീക്കങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളുമാണ്.

പുതുതായി നിയമിതയായ പ്രധാനമന്ത്രി ലിസ് ട്രസ് ആണ് ബ്രെവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. മുന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പിന്‍ഗാമിയായി നിയമിക്കപ്പെടുന്നതും ഒരു ഇന്ത്യന്‍ വംശജയാണെന്നത് ശ്രദ്ധേയമാണ്. തനിക്ക് നല്‍കിയ പിന്തുണക്ക് പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് തന്റെ കീഴിലുള്ള ഏറ്റവും ഉയര്‍ന്ന ചുമതല തന്നെ നല്‍കിയെന്നാണ് മാധ്യമറിപോര്‍ട്ട്.

തമിഴ് ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമയാണ് മാതാവ്. ഗോവക്കാരനായ ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് പിതാവ്. മാതാവ് മൗറീഷ്യസില്‍നിന്നും പിതാവ് കെനിയയില്‍നിന്നും 1960കളില്‍ കുടിയേറിയവരാണ്.

റുവാണ്ടയിലേക്ക് ചില അഭയാര്‍ത്ഥികളെ അയയ്ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്ക് ബ്രാവര്‍മാന്‍ ചുക്കാന്‍ പിടിക്കുമെന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് നല്‍കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നികുതികള്‍ വെട്ടിക്കുറയ്ക്കാനും ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ ബ്രക്‌സിറ്റ് അനുകൂലിയാണ് ബ്രാവര്‍മാന്‍.

'അവര്‍ ബ്രിട്ടനെ സ്‌നേഹിച്ചു. അത് അവര്‍ക്ക് പ്രതീക്ഷ നല്‍കി. അത് അവര്‍ക്ക് സുരക്ഷിതത്വം നല്‍കി. ഈ രാജ്യം അവര്‍ക്ക് അവസരം നല്‍കി. രാഷ്ട്രീയത്തോടുള്ള എന്റെ സമീപനം എന്റെ പശ്ചാത്തലം ശരിക്കും മനസ്സിലാക്കിയതാണെന്ന് ഞാന്‍ കരുതുന്നു,' ജൂലൈയില്‍ ഒരു പ്രചാരണ വീഡിയോയില്‍ സുല്ല ബ്രെവര്‍മാന്‍ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞു.

ബ്രാവര്‍മാന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2018 ല്‍ റെയല്‍ ബ്രാവര്‍മാനെ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്.

ലണ്ടന്‍ ബുദ്ധമത കേന്ദ്രത്തിലെ പരിപാടികളില്‍ പതിവായി പങ്കെടുക്കുന്ന ഒരു ബുദ്ധമത വിശ്വാസിയാണ് ബ്രെവര്‍മാന്‍. 'ധമ്മപദ'ത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്.

Next Story

RELATED STORIES

Share it