Latest News

പ്രതിഷേധങ്ങള്‍ക്കിടയില്‍ ട്രഷറി അന്നമനടയില്‍ നിന്ന് മാളയില്‍: ഫലപ്രാപ്തിയിലെത്തിയത് തട്ടകത്ത് ജോസഫിന്റെ 20 വര്‍ഷം നീണ്ട പോരാട്ടം

പ്രതിഷേധങ്ങള്‍ക്കിടയില്‍ ട്രഷറി അന്നമനടയില്‍ നിന്ന് മാളയില്‍: ഫലപ്രാപ്തിയിലെത്തിയത് തട്ടകത്ത് ജോസഫിന്റെ 20 വര്‍ഷം നീണ്ട പോരാട്ടം
X

മാള: തട്ടകത്ത് ജോസഫിന്റെ 20 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ സബ്ബ് ട്രഷറി അന്നമനടയില്‍ നിന്ന് മാളയില്‍. 20 വര്‍ഷമായി അന്നമനടയില്‍ പ്രവര്‍ത്തിച്ച മാള സബ് ട്രഷറി കഴിഞ്ഞ ദിവസം മുതല്‍ മാളയില്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. 127ലക്ഷം രൂപ ചെലവില്‍ കെ കരുണാകരന്‍ റോഡിന് സമീപത്തായി നിര്‍മിച്ച കെട്ടിടത്തില്‍ എട്ടോളം ഉദ്യോഗസ്ഥര്‍ ജോലി തുടങ്ങിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അതേസമയം അന്നമനടയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ട്രഷറി മാറ്റത്തില്‍ പ്രതിഷേധിച്ച് അന്നമനടയില്‍ ഹര്‍ത്താലാചരിച്ചു. പ്രതിഷേധം കാരണം അന്നമനടയില്‍നിന്നും റെക്കോര്‍ഡുകളൊന്നും കൊണ്ടു പോകാനായിട്ടില്ല. ട്രഷറിക്കു മുന്നിലെ കാവല്‍സമരം നിരാഹാര സമരമാക്കി മാറ്റി പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്രഷറി മാറ്റുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു ടെലിഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിക്ക് ട്രഷറിയിലെത്തി. വെള്ളം, വെളിച്ചം, ഫര്‍ണ്ണിച്ചര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി. ജില്ലാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ട്രഷറി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കി. കൃത്യം പത്ത് മണിക്കു തന്നെ ആദ്യത്തെ ഇടപാട് നടത്തി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളും മാളയില്‍ ലഭ്യമായിത്തുടങ്ങി. ദിവസവും ഉച്ചവരെ മാത്രം അന്‍പതോളം ഇടപാടുകള്‍ നടത്താവുന്ന സൗകര്യമാണ് ഉള്ളത്.

1995ലാണ് മാളക്കായി സബ്ബ് ട്രഷറി അനുവദിക്കുന്നത്. ഏറെ ശ്രമം നടത്തിയിട്ടും സബ്ബ് ട്രഷറിക്കായി മാളയില്‍ സ്ഥലം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് അന്നമനടയിലേക്ക് ട്രഷറി മാറ്റിയത്. എല്ലാ ട്രഷറികള്‍ക്കും സ്വന്തം കെട്ടിടം വേണമെന്ന് സബ്ജക്റ്റ് കമ്മിറ്റി നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് 10 വര്‍ഷം മുന്‍പ് മാളയില്‍ സ്ഥലം നോക്കാനാരംഭിച്ചു. ഈ ഘട്ടത്തില്‍ തട്ടകത്ത് ജോസഫ് മാളച്ചാലിന് സമീപത്തായി 13 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. സര്‍ക്കാര്‍ 2005ല്‍ ട്രഷറി നിര്‍മ്മാണത്തിനായി 16 ലക്ഷം രൂപ അനുവദിച്ചു. അനേകം നിയമ തടസ്സങ്ങളുണ്ടായെങ്കിലും കോടതി ഉത്തരവിലൂടെ നിര്‍മ്മാണാനുമതി ലഭിച്ചു. എന്നാല്‍ മാള ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നടത്താതെ വന്നതോടെ തട്ടകത്ത് ജോസഫ് വീണ്ടും കോടതി കയറി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണത്തിന് 127 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ ഫണ്ടുപയോഗിച്ചാണ് മനോഹരമായ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മാളയില്‍ ട്രഷറിയാരംഭിക്കുന്നതിനോട് പ്രതികൂലമായ നിലപാടെടുത്തപ്പോള്‍ ട്രഷറി പ്രവര്‍ത്തനം വീണ്ടും വൈകി. അതിനിടെ ട്രഷറി ഡയറക്ടറുടെ ഓഫിസ് ഈ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കവുമുണ്ടായി. ഈയവസരത്തിലും ജോസഫ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു.

കോടതി ഈ പരാതി പരിഗണിക്കാനിരിക്കേ മാര്‍ച്ച് 31ന് അന്നമനടയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി മാളയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. എന്നിട്ടും വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭ്യമാക്കാതെ ബന്ധപ്പെട്ട അധികൃതര്‍ ട്രഷറിയുടെ പ്രവര്‍ത്തനം നീട്ടിനീട്ടിക്കൊണ്ട് പോകയായിരുന്നു. ഇനിയും ട്രഷറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് നീട്ടിക്കൊണ്ട് പോയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിക്ക് മുന്‍പില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് വന്നതോടെയാണ് അടിയന്തിരമായി മാളയില്‍ ട്രഷറി പ്രവര്‍ത്തനം ആരംഭിച്ചത്. മാള സബ്ബ് ട്രഷറിയിലെ ആദ്യ നിക്ഷേപവും തട്ടകത്ത് ജോസഫിന്റേതായിരുന്നു.

പ്രായത്തിന്റെ അവശതകളെ അവഗണിച്ചാണ് തട്ടകത്ത് ജോസഫ് മാളയിലെ സബ്ബ് ട്രഷറിക്കായി കോടതികള്‍ കയറിയിറങ്ങിയത്. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് ഷാന്റി ജോസഫ് തട്ടകത്തും വ്യവഹാരങ്ങളുടെ പിന്നാലെയാണ്.

Next Story

RELATED STORIES

Share it